തേഞ്ഞിപ്പലം– രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകള്‍ ഡിജിറ്റല്‍ രംഗത്ത് നിയന്ത്രിക്കപ്പെടുന്നുവെന്ന് ഹുമൈന്‍ ലാബ് സ്ഥാപക ഡോ. സിമി കെ സാലിം. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ “സാങ്കേതിക വിദ്യ മതേതരമോ? മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയ പുറംതള്ളലുകളും ഡിജിറ്റല്‍ ആക്രമണങ്ങളുടെ സാമ്പത്തിക ക്രമവും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്ന് മുസ്‌ലിം സ്ത്രീകളുടെ ആത്മകഥകളെ മുന്‍നിര്‍ത്തി രാഷ്ട്രീയത്തിലെ മുസ്‌ലിം സ്തീകള്‍ അദൃശ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡോ. സിമി സമര്‍ത്ഥിച്ചു. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ച സുള്ളി ഡീല്‍ ആപ്പുകളും അതിന് പിന്നിലുള്ളവരും കേവലം ബുര്‍ഖ ധരിച്ച സ്ത്രീകളെ മാത്രമല്ല ലക്ഷ്യം വെച്ചത്. അതുൾപ്പെടെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ വംശീയാക്രമണമാണ് നടക്കുന്നത്.
വംശീയ, ലൈംഗിക ഫാന്റസികളിലും ഫുഡ് വ്‌ളോഗുകള്‍ പോലെയുള്ള നവകാല സൗന്ദര്യശാസ്ത്രങ്ങളിലും മാത്രമേ മുസ്‌ലിം സ്ത്രീകളെ കാണാനാകു എന്നും രാഷ്ട്രീയം സംസാരിക്കുമ്പോള്‍ അവര്‍ നിയന്ത്രിക്കപ്പെടുന്നുവെന്നും സിമി പറഞ്ഞു.
മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും സി എച്ഛ് മുഹമ്മദ് കോയാ ചെയർ ഗവേണിംഗ് ബോഡി അംഗവുമായ ഡോ. ഷാഹിന മോള്‍ എം.കെ സെഷനില്‍ അധ്യക്ഷത വഹിച്ചു. അശ്റഫ് തൂണേരി സെഷന്‍ പരിചയപ്പെടുത്തി സംസാരിച്ചു.