കൽപറ്റ: വയനാട്ടിൽ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്ന് ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപറ്റ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ്, സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ജംഷീദ് എന്നിവക്കെതിരെയാണ് എതിരെയാണ് കേസ്. ജംഷീദ് വീട്ടിലെത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചതായി യുവതി ആരോപിച്ചു. മുൻപും സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ ഭർത്താവ് ജംഷീദിന് അനുകൂലമായി പ്രതികരിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കി.
യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ചു. ഗാർഹിക പീഡനവും ലൈംഗിക പീഡന ശ്രമവും സംബന്ധിച്ച് പ്രത്യേക കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഗാർഹിക പീഡന പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചതിന് ജംഷീദിനെതിരെ ഐപിസി 354 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനൊപ്പം വീട്ടിലെത്തിയ ജംഷീദ്, മദ്യപിച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ തന്നെ കടന്നുപിടിച്ചതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. “സ്ത്രീധനമായി 101 പവനും കാറും വേണമെന്ന് ഭർത്താവ് ആവർത്തിച്ച് ആവശ്യപ്പെടാറുണ്ട്. എന്റെ ഫോട്ടോയും ഫോൺ നമ്പറും മറ്റുള്ളവർക്ക് നൽകി, അവർ വിളിച്ച് ആവശ്യങ്ങൾ പറയാൻ പറഞ്ഞു. വിളിച്ചവരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്തു. ഇക്കാര്യം ഭർത്താവിനോടും ഭർതൃമാതാവിനോടും പറഞ്ഞപ്പോൾ, ‘നിനക്ക് കിടന്നുകൊടുത്ത് അവന്റെ കടങ്ങൾ വീട്ടിക്കൂടെ?’ എന്നാണ് ഭർതൃമാതാവ് ചോദിച്ചത്,” യുവതി വെളിപ്പെടുത്തി.
“നാല് മക്കളുണ്ട്, മൂന്ന് പേർ മാത്രമാണ് എന്റെ കൂടെ. ഒരാൾ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ്. ജംഷീദ് മക്കൾ ഇല്ലാത്ത സമയങ്ങളിൽ മദ്യപിച്ച് വീട്ടിലെത്തും. ഭക്ഷണം ആവശ്യപ്പെടും. വിളമ്പുമ്പോൾ അനുചിതമായി സ്പർശിക്കും. ഇത് ഭർത്താവിനോട് പറഞ്ഞപ്പോൾ, ‘നിന്റെ തോന്നലാണ്, അല്ലെങ്കിൽ അവന്റെ ഇഷ്ടം തീർക്കാൻ നിന്നുകൊടുക്കൂ’ എന്നാണ് പറഞ്ഞത്. സെപ്റ്റംബർ 17-ന് ഭക്ഷണം നൽകിയ ശേഷം വെള്ളം എടുക്കാൻ അടുക്കളയിൽ പോയപ്പോൾ ജംഷീദ് പിന്നാലെ വന്ന് കടന്നുപിടിച്ചു. ഞാൻ ഓടി മുറിയിൽ കയറി വാതിലടച്ചു. ഭർത്താവ് ഇത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല,” യുവതി വിവരിച്ചു.
എന്നാൽ, പരാതിയിലെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബപ്രശ്നങ്ങൾ ഉണ്ടെന്നും ഭാര്യയുടെ ബന്ധുക്കൾ തന്നെ മർദിച്ചതായും ഭർത്താവ് ആരോപിച്ചു. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.