കോഴിക്കോട് – ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം സമുദായം അനർഹമായത് നേടി എടുത്തു എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ രൂപം നൽകിയ പാലോളി കമ്മിറ്റി റിപ്പോർട്ടും പരിശോധിച്ചാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ബോദ്ധ്യപ്പെടുമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുസ്ലീം സമൂഹത്തിൻ്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സോഷ്യൽ സ്റ്റാറ്റസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവള പത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ഇത്തരം പരാമർശങ്ങൾ മതനിരപേക്ഷ സമൂഹത്തിൻറെ തകർച്ചക്ക് ഇടയാക്കുമെന്നത് സമൂഹം ഗൗരവമായി കാണണം.


വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർ സി.പി.സലീം സ്വാഗതം പറഞ്ഞു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. പി എൻ അബ്ദുലത്തീഫ് മദനി ഉദ്ഘാടന കർമം നിർവ ഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ്, ജില്ലാ പഞ്ചാ യത്ത് അംഗം മിസ്ഹബ് കീഴരിയൂർ എന്നിവർ മുഖ്യാതിഥികളായി. കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് നിഷാദ് സലഫി, സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ് വാൻ ബറാമി, യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുധീൻ സ്വലാഹി, തുടങ്ങിയ വർ സംസാരിച്ചു. ഹാരിസ് ബ്‌നു സലിം സമാപന സംസാരം നടത്തി.



