കൊച്ചി: എം മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള ഏഴു നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതിയിൽനിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് നടി.ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുവെന്ന തോന്നലിൽ, വൈകാരികമായുണ്ടായ ഒരവസ്ഥയിലാണ് കഴിഞ്ഞദിവസം കേസ് പിൻവലിക്കുമെന്ന് പറഞ്ഞതെന്നും ആലുവ സ്വദേശിനിയായ നടി മാധ്യമങ്ങളോട് പറഞ്ഞു.
കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരെ ബന്ധുവായ യുവതി നൽകിയ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി അറിയിച്ചു. പ്രായപൂർത്തിയാവാത്ത ബന്ധുവായ പെൺകുട്ടിയെ ചെന്നൈയിൽ കൊണ്ടുപോയി പലർക്കും കാഴ്ചവച്ചുവെന്ന പരാതിയിലാണ് നടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മുന്നോട്ടുവന്ന തന്നെ പോലീസും സർക്കാരും കേസിൽ സഹായിച്ചില്ലെന്നും മാധ്യമങ്ങളുടെ പിന്തുണ കിട്ടിയില്ലെന്നും നടി പ്രതികരിച്ചിരുന്നു. നിരപരാധിയായ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും ഇനി ഞാൻ ഒന്നിനുമില്ലെന്ന് കരഞ്ഞുകൊണ്ട് നടി പറഞ്ഞിരുന്നു. ഈ ഒഴുകുന്ന കണ്ണുനീർ കേരളത്തിന്റെ ശാപമാണ്. ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും തനിക്കെതിരേ പെൺകുട്ടിയെക്കൊണ്ട് പോക്‌സോ കേസ് കൊടുപ്പിച്ചതിന് പിന്നിൽ നടന്മാരായ മുകേഷോ ജയസൂര്യയോ ആണെന്നും അവർ ആരോപിച്ചിരുന്നു.
മുകേഷിനെ കൂടാതെ നടന്മാരായ മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്ര മേനോൻ തുടങ്ങി ഏഴു പേർക്കെതിരെയാണ് നടി പീഡന പരാതി നൽകിയത്. ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയിലുള്ളത്. കേസുമായി മുന്നോട്ടുപോകാൻ ഭർത്താവ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പറഞ്ഞതിൽനിന്നും പിൻവാങ്ങുന്നതെന്നും നടി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ നന്മാർക്കെതിരേയുള്ള നടിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. സംഭവത്തിൽ കേസസെടുത്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തി, ചില കേസുകളിൽ കുറ്റപത്രത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് നടി പരാതിയിൽനിന്നും പിൻവാങ്ങുമെന്ന് വെളിപ്പെടുത്തിയത്. എന്നാൽ, കേസിൽ കുറ്റപത്രം സമർപ്പിച്ച് മുന്നോട്ടു പോകാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടർ നടപടി കോടതി സ്വീകരിക്കട്ടെ എന്നാണ് പ്രത്യേക അന്വേഷണ സംഘം നിലപാട് സ്വീകരിച്ചത്.