വയനാട്– മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എല്‍സണ്‍ എസ്റ്റേറ്റില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, വയനാട് എം.പി പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ടൗണ്‍ഷിപ്പ് പദ്ധതി 2025 ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഒരു വീട് 7 സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളായി 64 ഹെക്ടർ ഭൂമിയിൽ 402 വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമ്മിക്കുക.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഒന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് ദൗത്യത്തിന്റെ ശക്തി, ആരോട് നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പാണ് നടപ്പിലാക്കുന്നത്. നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ട് കിടപ്പുമുറിയും, അടുക്കളയും, സ്റ്റോര്‍റൂമും, ശൗചാലയം ഉള്‍പ്പെടും. ഭാവിയില്‍ രണ്ടാം നില നിര്‍മ്മിക്കാന്‍ കഴിയുന്ന രൂപത്തില്‍ ഉറപ്പുളള അടിത്തറയായിരിക്കും വീടിനെന്ന് മുഖ്യമന്ത്യി ഉറപ്പ് നല്‍കി.
വയനാട് ദുരന്തം നിങ്ങള്‍ക്ക് മാത്രം സംഭവിച്ചതല്ല, നാടിന് മുഴുവന്‍ സംഭവിച്ചതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മനുഷ്യത്വമുള്ള എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും, ടൗണ്‍ഷിപ്പ് നിര്‍മ്മാണം കഴിഞ്ഞ് ജീവിതം പൂര്‍വ്വ സ്ഥിതിയിലാകുന്നത് വരെ കൂടെയുണ്ടാകുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച 100 വീടുകള്‍ക്കുള്ള സ്ഥലം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പദ്ധതിയില്‍ 430 ആളുകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ടൗണ്‍ഷിപ്പില്‍ വീട് നിര്‍മ്മിക്കുന്നതിന് പകരം സാമ്പത്തിക സഹായത്തിനായി അപേക്ഷ നല്‍കിയവരുണ്ട്. ദുരന്ത ബാധിതര്‍ 8 മാസമായി താല്‍കാലിക പുനരധിവാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലാണ് കഴിയുന്നത്. ഈ വര്‍ഷത്തെ മഴക്കാലം കഴിയുന്നതോട് കൂടെ പണി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തേണ്ട അനുബന്ധ കെട്ടിടങ്ങളായ അംഗനവാടി, വായനശാല, തുടങ്ങിയവയുടെ നിര്‍മ്മാണം 2026 മാര്‍ച്ചില്‍ പൂര്‍ത്തിയാവും. പുനരധിവാസ പ്രവര്‍ത്തനത്തില്‍ പാതുജന പങ്കാളിത്തം സ്വീകരിക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് പോര്‍ട്ടലുകള്‍ സൗകര്യമൊരുക്കി.