വയനാട്– മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ആരോപണവുമായി മരിച്ച നിഷ്മയുടെ കുടുംബം. ഒപ്പമുണ്ടായിരുന്ന കൂട്ടൂകാര്‍ക്ക് ഒരു പോറല്‍പോലും ഏല്‍ക്കാത്തതില്‍ അസ്വാഭാവികതയുണ്ടെന്ന് അമ്മ പ്രതികരിച്ചു. അപകടത്തിന് ശേഷം അനധികൃതമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നടപടിയെടുക്കാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.
സുഹൃത്തുക്കളുടെ കൂടെ പോയിട്ട് അവള്‍ക്ക് മാത്രമാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പോലും പരിക്കേറ്റതായി കേട്ടിട്ടില്ല. ഒരു മഴ പെയ്യുമ്പോഴേക്കും തകരുന്ന ഹട്ടിന് പെര്‍മിറ്റുണ്ടോ? ആരൊക്കെയാണ് സുഹൃത്തുക്കളെന്ന് അറിയില്ല, കേസ് ഒരു പ്രത്യേക സംഘം രൂപീകരിച്ച് അന്യേഷിക്കണമെന്ന് നിഷ്മയുടെ അമ്മ പ്രതികരിച്ചു. സ്വന്തം മകളുടെ മരണത്തിന്റെ സത്യമറിയണമെന്ന് പറയുകയാണ് മാതാവ് ജസീല. അറസ്റ്റിലായ റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവര്‍ റിമാന്‍ഡിലാണ്.
വയനാട്ടില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. മൂന്ന് വര്‍ഷത്തെ കണക്ക് പ്രകാരം ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളുമായി ആയിരത്തോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണ്ടത്തല്‍. ഇപ്പോള്‍ കൂടിയിട്ടുണ്ടാകും. ഈ സ്ഥാപനങ്ങളില്‍ എത്ര എണ്ണത്തിന്് ലൈസന്‍സുണ്ട്, സുരക്ഷ സംവിധാനങ്ങളുണ്ട് എന്നിവ തിരിച്ചറിയാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനാണ് നിലവിലെ തീരുമാനം. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ചത്തെ സാവകാശമുണ്ട്. അതിനിടയില്‍ അനുമതി നേടി പ്രവര്‍ത്തനം തുടരാം. അല്ലാത്തപക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.