കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന ഒന്നാംഘട്ടത്തില്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധുവീടുകളിലേക്ക് മാറാന്‍ സൗകര്യമൊരുക്കും. മറ്റുള്ളവര്‍ക്ക് വാടകവീടുകളോ മറ്റുസൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനു തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. താത്കാലിക പുനരധിവാസത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.
സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുന്‍പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുക. ഇതിനു യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീ ഫാബ് സംവിധാനം ഒരുക്കും. ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കും.
പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ടീമുകള്‍ ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഹസാഡ് അനലിസ്റ്റ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ സംഘത്തില്‍ ഉണ്ടാകും.