ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലും ചുരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്തയാണ് കേരളത്തിലെ റവന്യൂ ദുരന്ത നിവാരണ വിഭാഗം ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് അർഹമായ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നുമുള്ള നിരന്തര വിമർശങ്ങൾക്കും എഴുത്തുകുത്തുകൾക്കും പിന്നാലെയാണ് കേന്ദ്രം വയനാടിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിന് കേന്ദ്രം വൈകിയെങ്കിലും അംഗീകാരം നൽകിയെങ്കിലും, സംസ്ഥാനത്തിനുള്ള പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ല.
ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ട പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണ് അതിതീവ്ര ദുരന്തങ്ങളിൽ ഉൾപ്പെടുത്തിയതെന്നാണ് പുതിയ വിവരം.
വയനാട് ദുരന്തം അതിന്റെ വ്യാപ്തി കൊണ്ടും തീവ്രത കൊണ്ടും അതിതീവ്ര ദുരന്തങ്ങളുടെ കാറ്റഗറിയിൽ പെടുന്നതാണെന്ന വിലയിരുത്തലാണ് മന്ത്രിതല സമിതി സ്വീകരിച്ചത്. ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ഇതിനോടകം തന്നെ അതിനുള്ള നടപടികൾ ആരംഭിച്ചതായാണ് മനസിലാകുന്നത്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധിക സഹായം നടപടിക്രമങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് നൽകുമെന്നന്നാണ് കേന്ദ്ര വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിതല സമിതിയുടെ വിലയിരുത്തൽ ഉൾപ്പെടെ കണക്കിലെടുത്താകും ഈ സഹായം തീരുമാനിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.