തിരുവനന്തപുരം – സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്ത്
പുലര്‍ച്ചെ മുതല്‍ പലയിടത്തും മഴ ലഭിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. അതേസമയം, മുന്നറിയിപ്പുണ്ടെങ്കിലും രാവിലെ പലജില്ലകളിലും കാര്യമായ മഴയില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉണ്ട്. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും