കൊച്ചി– വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ആവര്‍ത്തിച്ച് കേരള ഹൈക്കോടതി. ദുരന്തം മൂലം വായ്പ തിരിച്ചടക്കാന്‍ വരുമാന മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ദുരന്തബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വായ്പൾ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞ കോടതിയോട് ബാങ്കുകളെ ഇതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് കാലത്ത് എം.എസ്.എം.ഇകൾ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അത് നിരാകരിച്ച സംഭവം കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിച്ചപ്പോളാണ് കോവിഡ് കാലവുമായി വയനാട് പ്രശ്നത്തെ താരതമ്യം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്.
കേരളബാങ്ക് ചൂരല്‍മല ശാഖ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതളളാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളുടെ സംസ്ഥാനതല സമിതി (എസ്.എല്‍.ബി.സി) ഈ വിഷയത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന്, ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബോര്‍ഡുകള്‍ക്ക് കൈമാറി. ഈ സാഹചര്യത്തില്‍, ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വയനാട് ജില്ലയില്‍ 2024 ജൂലൈ 30ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് വീടുകളും ഭൂമിയും നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍, ദുരന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തളളണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കുകളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.