പാലക്കാട്: കല്യാണവീട്ടിൽ വച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സരിൻ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനും കൂടെയുണ്ടായിരുന്ന ഷാഫി പറമ്പിൽ എം.പിക്കും നേരെ ഹസ്തദാനത്തിനായി കൈ നീട്ടിയിട്ടും അവഗണിച്ച വിവാദത്തിൽ ഡോ. സരിനെ പരിഹസിച്ച് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ടി ബൽറാം രംഗത്ത്.
വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തിയ സരിനോട് ഷാഫി പറമ്പിൽ പറഞ്ഞത് നല്ല തഗ്ഗ് മറുപടിയാണെന്നാണ് വി ടി ബൽറാമിന്റെ പക്ഷം. ഷാഫിയുടെ ടൈമിംഗ് എജ്ജാതിയാണെന്നും ബൽറാം എഫ്.ബിയിൽ പ്രശംസിച്ചു.
ഷാഫീ ഞാൻ ഇപ്പുറത്തുണ്ടെന്ന് സരിൻ പറഞ്ഞപ്പോൾ എപ്പോഴും അപ്പുറത്ത് തന്നെയുണ്ടാകണമെന്ന് ഷാഫി തിരിച്ചടിച്ചത് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ പ്രശംസ. സിനിമാ റിവ്യൂയിട്ടതിന് ഭീഷണിപ്പെടുത്തിയ ജോജുവിന് റിവ്യൂവർ ആദർശ് നല്കിയതുപോലുള്ള തഗ്ഗ് മറുപടിയാണിതെന്നും വി ടി ബൽറാം ന്യായീകരിച്ചു.
കോൺഗ്രസ് വിട്ട് ഇടതിനൊപ്പം ചേർന്ന ഡോ. സരിൻ പഴയ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനും വടകര എം.പി ഷാഫി പറമ്പിലിനും ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ ഇരുവരും പ്രത്യഭിവാദ്യം ചെയ്യാതെ സരിനെ അവഗണിക്കുകയായിരുന്നു. എന്നാൽ, സരിന് പിന്തുണ പ്രഖ്യാപിച്ച കൂടെയുണ്ടായിരുന്ന പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥുമായി ഇരുവരും സ്‌നേഹസൗഹൃദം പങ്കിടുകയുമുണ്ടായി. ഇത് സമൂഹമാധ്യമത്തിൽ വൻ തോതിൽ ചർച്ചയാവുന്നതിനിടെയാണ് ഡോ. സരിനെ ട്രോളി വി.ടി ബൽറാം രംഗത്തെത്തിയത്.
വി ടി ബൽറാമിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
ഇക്കഴിഞ്ഞ ദിവസം റിവ്യൂവർ ആദർശ് സംവിധായകൻ ജോജുവിനോട് പറഞ്ഞ തഗ്ഗ് ഡയലോഗിന് ശേഷം ഇന്നിതാ മറ്റൊന്ന്.
‘ഷാഫീ.. ഷാഫീ.. ഞാനിപ്പുറത്ത് ഉണ്ട്.’
ഷാഫി: ‘ആ എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണം’
എജ്ജാതി ടൈമിംഗ്.
ഇതാണാ കല്യാണ വീട്ടിലെ വോട്ടു വാർത്ത…
കല്യാണവീട്ടിലും പിണക്കവുമായി നേതാക്കൾ; ഡോ. സരിൻ കൈ നീട്ടിയിട്ടും ഹസ്തദാനം ചെയ്യാതെ ഷാഫിയും രാഹുലും
പാലക്കാട്: കല്യാണ വീട്ടിലും രാഷ്ട്രീയ പിണക്കം വിടാതെ നേതാക്കൾ. പാലക്കാട് മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സരിനും യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വടകര എം.പി ഷാഫി പറമ്പിലും തമ്മിൽ മുഖാമുഖം കണ്ടപ്പോഴായിരുന്നു രാഷ്ട്രീയ വൈരം മുഴച്ചുനിന്നത്.
ബി ജെ പി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാർത്ഥികൾ പരസ്പരം കണ്ടുമുട്ടിയത്. ഡോ. പി സരിൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ഇരുവരും കൈകൊടുക്കാതെ അവഗണിക്കുകയായിരുന്നു.
‘അയ്യേ മോശം….ഇരുവരും ഹസ്തദാനം നല്കാതെ പോയത് മോശമാണെന്നും എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും’ സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ താനിവിടെ ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.
പല തവണ രാഹുലിനെയും ഷാഫിയെയും സരിൻ പരസ്യമായി വിളിച്ചെങ്കിലും ജനങ്ങൾക്കിടയിൽനിന്ന് സരിനെ തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.
എന്നാൽ, താൻ എന്ത് ചെയ്താലും ആത്മാർത്ഥമായി മാത്രമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതോട് പ്രതികരിച്ചത്. തനിക്ക് കപട മുഖമില്ലെന്നും പി സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചിരി ഉൾപ്പെടെ ഞാൻ ചെയ്യുന്നതെല്ലാം ആത്മാർത്ഥമായാണ്. ചാനലുകൾക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
സരിൻ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
സി.പി.എമ്മിനൊപ്പം താനില്ലെങ്കിലും ഡോ. സരിന് പിന്തുണയുണ്ടെന്ന് അറിയിച്ച പാലക്കാട് ഡി.സി.സി മുൻ പ്രസിഡന്റായ എ.വി ഗോപിനാഥിനെ കല്യാണവീട്ടിൽ കണ്ടപ്പോൾ സ്‌നേഹാന്വേഷണം നടത്തിയ ഷാഫിയും രാഹുലുമാണ് ഗോപിനാഥിനൊപ്പമുണ്ടായിരുന്ന സരിനോട് പിണക്കം പ്രകടമാക്കിയത്.