കോഴിക്കോട്– തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ്. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കുമെന്നും ഫൗസിയ ആരിഫ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫൗസിയ.
വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഡലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി . സാദിഖ് അലി സമാപന പ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാസിഖ് നാരങ്ങോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ ടി സ്വാഗതം പറഞ്ഞു.



