തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് കുതിപ്പേകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആയിരങ്ങള്‍ സാക്ഷിയായി. 8800 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ തുറമുഖം, ഇന്ത്യയുടെ സമുദ്ര വ്യാപാര മേഖലയില്‍ വന്‍ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
രാവിലെ 11 മണിയോടെ ഉദ്ഘാടന വേദിയില്‍ എത്തിയ മോദി, മലയാളത്തില്‍ ”ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വീണ്ടും വരാനായതില്‍ സന്തോഷം” എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രി മോദി, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസംഗം തുടങ്ങി. ”നാടിന്റെ ഐക്യവും ജനങ്ങളുടെ ഒത്തൊരുമയുമാണ് വിഴിഞ്ഞം പോലുള്ള പദ്ധതികള്‍ വിജയിപ്പിക്കുന്നത്. മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള ഇന്ത്യയുടെ മഹാകവാടമാണ് ഈ തുറമുഖം തുറക്കുന്നത്,” അദ്ദേഹം പറഞ്ഞു. മന്ത്രി വി.എന്‍. വാസവന്‍, മുഖ്യമന്ത്രിയെ ”തുറമുഖത്തിന്റെ ശില്‍പി” എന്ന് വിശേഷിപ്പിച്ചു.
കേരളത്തിന്റെ സമുദ്ര വ്യാപാര പാരമ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്ന കേരളത്തിന്റെ പഴയ പ്രൗഢി വിഴിഞ്ഞം വീണ്ടെടുക്കും. ഗുജറാത്തില്‍ പോലും ഇത്ര വലിയ തുറമുഖം അദാനിക്ക് നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം തമാശയോടെ പറഞ്ഞു.
ചടങ്ങിനായി വിഴിഞ്ഞത്ത് വന്‍ ജനാവലി എത്തി. കെ.എസ.്ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ അടുത്തിടെ ഉണ്ടായ വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.