തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്.
ഇന്ന് പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച ശേഷം നടന്ന വാദമുഖങ്ങൾക്കു പിന്നാലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ജസ്റ്റിസ് നിസാർ അഹമ്മദ് ഉത്തരവ് തിയ്യതി പ്രഖ്യാപിച്ചത്.
അഴിമതിക്കെതിരായ സന്ദേശമായിരുന്നു പി.പി ദിവ്യയുടേതെന്നും പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും പ്രതിക്ക് മുൻകൂർ ജാമ്യത്തിനായി വാദിച്ച അഡ്വ. കെ വിശ്വൻ പറഞ്ഞു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചത് ജില്ലാ കലക്ടർ അരുൺ കെ വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും പറഞ്ഞു.
ദിവ്യ പ്രസംഗിച്ചപ്പോൾ നവീൻ ബാബു നിഷേധിച്ചില്ല. ഇനി പ്രസംഗ ശേഷം നവീൻ ബാബുവിന് ദിവ്യയെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കിൽ എ.ഡി.എമ്മിന് പരാതിയും നൽകാമായിരുന്നു. ഇതൊന്നും ചെയ്തില്ലെന്നും സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ നൽകിയതെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, വ്യക്തിഹത്യയാണ് മരണ കാരണമെന്നും ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചതെന്നും പ്രതി ദിവ്യ ദയ അർഹിക്കുന്നില്ലെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണി സ്വരം ഉണ്ടായിരുന്നു അതിൽ. മാധ്യമപ്രവർത്തകനെ വിളിച്ച് റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമായാണ്. ആ ദൃശ്യങ്ങൾ ദിവ്യ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമപ്രവർത്തകൻ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതിനിടെ, പെട്രോൾ പമ്പിന് പിന്നിൽ ബിനാമി ബന്ധമുണ്ടെന്നും അതിൽ ദിവ്യയുടെ പങ്ക് കണ്ടെത്തണമെന്നും കേസിൽ കക്ഷിചേർന്ന നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്നും നവീൻ ബാബുവിന്റെ കുടുംബത്തിനായി ഹാജറായ ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ് റാൽഫ് വ്യക്തമാക്കി.
ഒപ്പ് തെറ്റിയെന്നു പറഞ്ഞാൽ ചിലപ്പോൾ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കിൽ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എ.ഡി.എമ്മിനെ വിളിച്ചത്? പമ്പിന്റെ നിർദിഷ്ട സ്ഥലം പോയി പരിശോധിക്കാൻ എ.ഡി.എമ്മിനോട് പറയാൻ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകൻ ചോദിച്ചു.
ദിവ്യ നടത്തിയ ഇടപെടൽ പ്രോട്രോക്കോൾ ലംഘനമാണ്. അത് അഴിമതിക്കു വഴിവെക്കുന്നതാണ്. പെട്രോൾ പമ്പിന് പിന്നിൽ ബിനാമി ബന്ധമുണ്ട്. ആ ബിനാമിയെ കണ്ടെത്തണം. യാത്രയയ്പ്പിൽ ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോൾ എ.ഡി.എമ്മിന്റെ മുഖം മാറിയിരുന്നു. പത്തനംതിട്ടയിലേക്കു പോകുമ്പോൾ ഇങ്ങനെ ആകരുതെന്നു പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്? താൻ വിളിച്ചുപറഞ്ഞിട്ടും എ.ഡി.എം സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യക്കുണ്ടായിയുന്നു. രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
ദിവ്യയുടെ വാക്കുകൾ യാദൃച്ഛികമായി വന്നതല്ല. ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്നും കുടുംബ അഭിഭാഷകൻ വാദിച്ചു. പ്രാദേശിക ചാനലുകളെ വിളിച്ചുവരുത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുമുണ്ടായി. നവീന്റെ മകൾ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങൾ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാൽ ഒരു പരിഗണനയും ദിവ്യ അർഹിക്കുന്നില്ലെന്നും ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു.