ആലപ്പുഴ– ശിവഗിരിയിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെതിരെ പരസ്യമായി വർഗീയ അധിക്ഷേപം നടത്തി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകൻ റഹീസ് റഷിദിനെതിരെയാണ് വെള്ളാപ്പള്ളി ‘തീവ്രവാദി’ എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം ശിവഗിരിയിൽ വെച്ച് മാധ്യമപ്രവർത്തകർ വളഞ്ഞതും ചോദ്യങ്ങൾ ചോദിച്ചതും പരാമർശിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. എന്നെ ചോദ്യം ചെയ്ത ആളെ എനിക്കറിയാം. അയാൾ ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്. അയാൾ മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തനിക്ക് 89 വയസ്സുണ്ടെന്നും തന്നോട് മാധ്യമപ്രവർത്തകർ മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിൻ്റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോർട്ടർ കുന്തവുമായി എൻ്റെ നേരെ വന്നു. ഇയാൾ ആരോ പറഞ്ഞുവിട്ടതാണ് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. മലപ്പുറത്ത് എസ്എൻഡിപിക്ക് സ്‌കൂളും കോളജും ഇല്ലെന്ന കണക്ക് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും, മുസ്ലിം ലീഗിന് അവിടെ 48 അൺഎയ്ഡഡ് കോളജുകൾ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് എസ്എൻഡിപിക്ക് സ്‌കൂളും കോളജും ഇല്ലെന്നും സർക്കാർ സമ്മതിക്കുന്നില്ലയെന്നും വെള്ളാപ്പള്ളിയുടെ മറുപടിക്ക് ഒമ്പത് വർഷമായി ഭരിക്കുന്നത് പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ എന്ന ചോദ്യത്തിനാണ് വെള്ളാപ്പള്ളി മൈക്ക് തട്ടിമാറ്റി മോശമായി പെരുമാറിയത്.



