തിരുവനന്തപുരം– ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാ വീഴ്ചയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിക്കുനേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം ഭരണ-പ്രതിപക്ഷ വാക്പോരിന് വഴിതുറന്നു. ആക്രമണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരമാണെന്ന് മന്ത്രി ആരോപിച്ചപ്പോൾ, റീത്ത് വെക്കുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്ന് സതീശൻ തിരിച്ചടിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ മണിക്കൂറുകൾക്കകം സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൃത്യമായ അന്വേഷണം നടക്കുമ്പോൾ എന്തിനാണ് തന്റെ വസതിക്കുനേരെ ആക്രമണം നടത്തുന്നതെന്ന് മന്ത്രി ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് ഇളക്കി മാറ്റുകയും സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത് വി.ഡി. സതീശന്റെ നിർദേശപ്രകാരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം പൊലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിയുടെ വസതിയിൽ രണ്ട് പൊലീസുകാർ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതിഷേധക്കാർ റീത്തുമായി അകത്തുകയറിയത്. ഇത് വലിയ സുരക്ഷാ വീഴ്ചയായും വിലയിരുത്തപ്പെടുന്നു.
മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല തന്റെ പണിയെന്നും അത്തരം സമരരീതികൾ കോൺഗ്രസിന്റേതല്ലെന്നും വി.ഡി. സതീശൻ കൊച്ചിയിൽ പ്രതികരിച്ചു. “റീത്ത് വെക്കുന്ന രീതി സി.പി.എമ്മിന്റേതാണ്. സാനുമാഷിന്റെ മകന്റെ വീട്ടിൽ റീത്ത് വെച്ചത് സി.പി.എം അല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ വീടിനുള്ളിലേക്ക് കയറിയുള്ള സമരത്തെ താൻ അനുകൂലിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. തന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയപ്പോൾ കേസെടുക്കാത്തവർ ഇപ്പോൾ സുരക്ഷാ വീഴ്ചയെക്കുറിച്ച് പറയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-ൽ ഉഷാ ജോസഫ് എന്ന വീട്ടമ്മയുടെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലാണ് ഇപ്പോൾ പ്രതിഷേധം കത്തുന്നത്. കേസിലെ പ്രതിയായ ഡോ. ലളിതാംബിക നടത്തിയ വിവാദ പരാമർശങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. അഞ്ചല്ല 50 കൊല്ലം കത്രിക ഉള്ളിലിരുന്നാലും പ്രശ്നമില്ലെന്ന ഡോക്ടറുടെ പ്രതികരണം തൊഴിലിനോടുള്ള അനാദരവാണെന്ന് ആരോഗ്യമന്ത്രി വിമർശിച്ചു. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രസ്താവനകൾക്കെതിരെയും സർക്കാർ കർശന നിലപാടുമായി മുന്നോട്ടുപോകുകയാണ്.
അതേസമയം, ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയുണ്ടെന്നും എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.



