കൊച്ചി– മലയാളി റാപ്പര്‍ വേടനെ പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്ത വനം വകുപ്പ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചതിനാണ് നടപടി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍ അതീഷിനെയാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്. വകുപ്പുതല അന്യേഷണത്തിന് പിന്നാലെയാണ് നടപടി.
കേസെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്നാണ് വനം വകുപ്പ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. വനം വകുപ്പ് സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്.
സെലിബ്രിറ്റിയെ കൈകാര്യം ചെയ്യുന്നതിലെ പരിചയക്കുറവും പരിഭ്രമവുമാണ് അതീഷിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ട് പോവാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ല. അതീഷിനെതിരെ കര്‍ശന നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് റേഞ്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാറിനെ അറിയിച്ചു. ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോട് വൈമുഖ്യം കാട്ടാന്‍ ഇത് വഴിയൊരുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതീഷിന്റെ പെരുമാറ്റത്തെ പറ്റി വേടന്‍ വേടന്‍ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ലഹരി ഉപയോഗത്തിനിടെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റിലായ വേടന്‍ ഉടനെ തന്നെ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ പുലിപ്പല്ല് കൈവശം വച്ചെന്ന് ആരോപിച്ച് വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധന പോലും നടത്താതെ വനം വകുപ്പ് വേടനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതിനെടെ സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കിയിരുന്നെങ്കിലും ജാമ്യത്തിന് ശേഷം വേടനെ ഉള്‍പ്പെടുത്തി പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നടന്ന എന്റെ കേരളം സമാപന വേദിയില്‍ വേടന്‍ സംഗീതനിശ അവതരിപ്പിച്ചു.