തിരുവനന്തപുരം– ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ പരസ്യമായി ചര്‍ച്ച നടത്തിയെന്ന് വി.ഡി സതീഷന് ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് 2009ല്‍ പിണറായി വിജയന് പറഞ്ഞത് സതീശന് ഓര്‍മിപ്പിച്ചു.
സി.പി.എമ്മിന് വെല്‍ഫെയര്‍ പിന്തുണ കൊടുത്തപ്പോള്‍ മതേതരപാര്ട്ടിയായിരുന്നു, എന്നാല്‍ യു.ഡി.എഫിന് പിന്തുണ നല്കുമ്പോള് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന നിലപാടാണ് സി.പി.എമ്മിനെന്ന് വി.ഡി സതീശന് വിമര്‍ശിച്ചു. മഅ്ദനിയെ വര്‍ഗീയവാദി എന്ന് വിളിച്ചവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ കുഴപ്പമില്ല. സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശന് കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി.പി.എം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. എല്‍.ഡി.എഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. യു.ഡി.എഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നതില് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സതീശന് വ്യക്തമാക്കി.