തിരുവനന്തപുരം– വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീഷന്റെ പേരും ഉണ്ടായിരുന്നെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍. പ്രതിപക്ഷ നേതാവിന് വേദിയിലും സ്ഥാനം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങ് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷം തന്നെയാണെന്നും മന്ത്രി ആവര്‍ത്തിച്ചു. പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്.
മെയ് 2ന് 10 മണിയോടെ പ്രധാനമന്ത്രി തുറമുഖത്ത് സന്ദര്‍ശനം നടത്തും. അതിനു ശേഷം 11 മണിയോടെ യോഗം ആരംഭിക്കും. തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം ബി.ജെ.പി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷണിക്കുന്ന അതിഥികളില്‍ വേദിയില്‍ ഇരിക്കുന്ന ആളുകളെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. സാധാരണ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദികളില്‍ ഏഴു പേരില്‍ കൂടുതല്‍ ആളുകളെ പ്രസംഗിക്കാന്‍ അനുവദിക്കില്ല.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനും കത്തയച്ചിട്ടുണ്ടെന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം ഒഴിവാക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. അത് തീരുമാനമായത് തിങ്കളായ്ച രാത്രിയാണ്. അപ്പോള്‍ തന്നെ എല്ലാവര്‍ക്കും കത്ത് കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.