കൊച്ചി – കുവൈത്ത് അപകടത്തില്‍ മലയാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് യാത്രാനുമതി നല്‍കാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരുന്നെങ്കില്‍ മലയാളികളുടെ കാര്യത്തില്‍ ഏകോപനം കൂടുതല്‍ എളുപ്പമായേനെ എന്നും സംഭവം ദൗര്‍ഭാഗ്യകരമെന്നും സതീശന് വ്യക്തമാക്കി. തെറ്റായ സന്ദേശമാണ് കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. യാത്രയ്ക്കായി മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രത്തിന്റെ രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.