പത്തനംതിട്ട– സംസ്ഥാനത്ത് വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും നടന്നതായി പരാതി. ഏപ്രില്‍ ഒമ്പതിന് 13കാരി മരിച്ചത് പേവിഷ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് പേവിഷബാധയേറ്റ് മരിച്ചത്. ഡിസംബര്‍ 13നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ത്തിയാക്കും ഏപ്രില്‍ മൂന്നിന് കുട്ടി പേവിഷബാധ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഏപ്രില്‍ 9ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. കടിച്ച നായ മൂന്നാം നാള്‍ ചത്തു.
നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും തിരിഞ്ഞ് നോക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. കൃത്യമായി വാക്‌സിനെടുത്തിട്ടും പേവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ കഴിയുകയാണ്. വാക്‌സിന്‍ ഒരു ഡോസ് മാത്രം ബാക്കിനില്‍ക്കെ ഏപ്രില്‍ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സിന്‍ എടുത്തിട്ടും 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല.