തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരേ പരസ്യ വിമർശം ഉന്നയിച്ച് അധിക്ഷേപിച്ചതിന് അച്ചടക്ക നടപടി നേരിട്ട കലക്ടർ ബ്രോ എന്ന് വിളിക്കുന്ന ഐ.എ.എ.എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് അസാധാരണ നിയമ നടപടിയുമായി രംഗത്ത്.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീൽ നോട്ടീസ് അയച്ചാണ് എൻ പ്രശാന്ത് നിയമകുരുക്ക് മുറുക്കുന്നത്. സർക്കാർ രേഖയിൽ കൃത്രിമം കാണിച്ചവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. നടപടി എടുത്തില്ലെങ്കിൽ കോടതി മുഖേന ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിലുണ്ട്.
ഇതാദ്യമായിട്ടാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മറ്റു ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് ഗുരുതര വിഷയങ്ങൾ ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വക്കീൽ നോട്ടീസിൽ ആരോപിച്ചത്.
ചീഫ് സെക്രട്ടറിക്കു പുറമെ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിവാദത്തിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണൻ, മാതൃഭൂമി പ്രിന്റർ ആൻഡ് പബ്ലിഷർ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ജയതിലകിനെ സസ്‌പെൻഡ് ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകൾ പുറത്തുവന്നിരുന്നു. ഈ രണ്ട് ദുരൂഹ കത്തുകളും അപ്‌ലോഡ് ചെയ്തത് ഡോക്ടർ ജയതിലകിന്റെ ഓഫീസിൽ നിന്നാണെന്നും ഇതിന് പുറമെ തനിക്കെതിരേയുള്ള മാതൃഭൂമി വാർത്തകൾക്കു പിന്നിലും ഡോ. എ ജയതിലകാണെന്ന് എൻ പ്രശാന്ത് സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയ എ ജയതിലക് ഇപ്പോഴും സർവീസിലാണെന്നും സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നവംബർ 14ന് പരാതി നല്കിയെങ്കിലും നടപടി ഇല്ലാത്തതിനെത്തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും പ്രശാന്ത് വ്യക്തമാക്കി.
ഗുരുതര കുറ്റം അറിയിച്ചിട്ടും ചീഫ് സെക്രട്ടറി നടപടി എടുത്തില്ല. ഇങ്ങനെയെങ്കിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെടുമെന്നും എൻ പ്രശാന്ത് വ്യക്തമാക്കി. എ ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ, തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയുണ്ടാക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് എൻ പ്രശാന്ത് കുറ്റപ്പെടുത്തി.
ജനങ്ങളുമായി സംവദിക്കുന്നത് ഒരു നിയമവ്യവസ്ഥയും വിലക്കുന്നില്ലെന്നും മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് നടപടിയാണെന്നും അച്ചടക്ക നടപടിക്കു പിന്നാലെ എൻ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം കേൾക്കാതെയുള്ള അച്ചടക്കനടപടി അദ്ഭുതപ്പെടുത്തിയെന്നും നിയമ നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും പ്രശാന്ത് സൂചിപ്പിച്ചിരുന്നു.