കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ടോക്കൺ നൽകിയതിലുള്ള തർക്കത്തിന്റെ പേരിൽ കാസർകോട് ജില്ലാ വരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖരന്റെ ഓഫീസിന് മുന്നിൽ യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ യു ഡി എഫ് എം എൽ എ മാരായ എ. കെ. എം അഷ്റഫും എൻ എ നെല്ലിക്കുന്നും ഒപ്പം നിലത്തിരുന്നു. കുറെ നേതാക്കളും പിന്തുണ അറിയിച്ച് സ്ഥലത്തെത്തി. യു.ഡി.എഫ് പ്രവർത്തകരും അകത്തേക്ക് കയറാൻ നോക്കിയെങ്കിലും പുറത്തെ ഗേറ്റിൽ പൊലീസ് തടഞ്ഞതിനാൽ സംഘർഷം ഒഴിവായി.
രാവിലെ മുതല്‍ ടോക്കണിനായി സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കി എന്നാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഏറെ നേരം വാക്ക് തര്‍ക്കവും ബഹളവും ഉണ്ടായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കില്‍ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിക്കുകയായിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാന്‍ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കളക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ രാവിലെ പത്തര മണിക്കും രാജ്‌മോഹൻ ഉണ്ണിത്താൻ 11 നും 12 നും ഇടയിൽ പത്രിക നൽകുമെന്നാണ് മുന്നണികൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ ഒമ്പത് മണിക്ക് എത്തി കളക്ടറുടെ ഓഫീസിന് മുന്നില്‍ ടോക്കൺ വാങ്ങാൻ കാത്തുനിന്നു. പക്ഷെ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സി.സി.ടി.വി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞതോടെ തർക്കം തുടങ്ങി. ടോക്കണ്‍ അനുവദിക്കുമ്പോള്‍ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസില്‍ നിന്നുള്ള മറുപടി.
ഇതോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതിഷേധിച്ചത്. ഒപ്പമുണ്ടായിരുന്ന മുസ്ലിംലീഗ് നേതാക്കളും പ്രതിഷേധത്തില്‍ ഭാഗമായി. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസുമായി നേതാക്കള്‍ വാക്ക് തര്‍ക്കം ഉണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പുവും രാജ്‌മോഹന്‍ ഉണ്ണിത്താനോട് അനുനയത്തിലുള്ള ശ്രമം നടത്തി. എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താനാണ് ആദ്യം എത്തിയതെന്നും അത് അവഗണിച്ച് മറ്റൊരാള്‍ക്ക് പത്രിക സമര്‍പ്പണത്തിന് അവസരം നല്‍കുന്നത് തെറ്റായ നടപടിയാണെന്നും ഉണ്ണിത്താന്‍ നിലപാട് ആവര്‍ത്തിച്ചു. പ്രതിഷേധം തുടരുന്നതിനിടയില്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ പത്രിക സമർപ്പണത്തിനായി എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ മുന്നണി നേതാക്കൾ പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി കളക്‌ട്രേറ്റിലെത്തി. തർക്കം തുടരുന്നിനിടയിൽ പ്രശ്നം പരിഹരിക്കാൻ നീക്കം നടന്നു. അനുനയ നീക്കങ്ങൾക്ക് ഒടുവിൽ ഉണ്ടായ ധാരണ പ്രകാരം എം വി ബാലകൃഷ്ണൻ ജില്ലാ കളക്ടർ മുമ്പാകെയും രാജ്‌മോഹൻ ഉണ്ണിത്താൻ റവന്യു റിക്കവറി ഡെപ്യുട്ടി കളക്ടർ പി. ഷാജു മുമ്പാകെയും 11 മണിക്ക് ഒരേ സമയം പത്രിക നൽകി പിരിഞ്ഞുപോയി.