തിരുവനന്തപുരം: വസ്തുത അന്വേഷിച്ച മാധ്യമങ്ങൾക്കു നേരെ കുരച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഒടുവിൽ സത്യം സമ്മതിച്ചു. തൃശൂർ പൂര നഗരിയിലെത്താൻ താൻ ആംബുലൻസിൽ കയറിയതായി സുരേഷ് ഗോപി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘കാലിന് പ്രശ്‌നമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകൾ കാർ ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നു. തൃശൂർ പൂരം അലങ്കോലമായതിൽ സി.ബി.ഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും’ സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലൻസിൽ വന്നിറങ്ങിയെന്നു പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്തുകൊണ്ടാണ് പോലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരത്തിനിടെ പ്രശ്‌നമുണ്ടായപ്പോൾ അവിടെയെത്താൻ സുരേഷ് ഗോപി പോലീസ് സഹായത്തോടെ സേവാ ഭാരതി ആംബുലൻസ് ദുരുപയോഗം ചെയ്തിരുന്നു. ഇത് ഏറെ വിവാദമായതോടെ താൻ ആംബുലൻസിലല്ല, ബി.ജി.പി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പൂര നഗരിയിൽ എത്തിയതെന്നായിരുന്നു കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. ഇത് കള്ളമാണെന്ന് വസ്തുതകൾ സഹിതം ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ പരിഹസിക്കാനും കയർക്കാനുമാണ് സുരേഷ് ഗോപി ശ്രമിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ കേന്ദ്രമന്ത്രിയെ തള്ളി ബി.ജെ.പി നേതൃത്വം രംഗത്തുവന്നിരുന്നു. എന്നിട്ടും സത്യം പറയാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ആക്രോശിക്കാനുമായിരുന്നു കേന്ദ്രമന്ത്രിയുടെ ശ്രമം.