- ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റേത് പുറത്ത് പറയാൻ പറ്റാത്ത പ്രവർത്തനങ്ങളെന്ന് പാർട്ടി വിട്ട ഒറ്റപ്പാലം മണ്ഡലത്തിലെ മുൻ സ്ഥാനാർത്ഥി കൂടിയായ
കെ.പി മണികണ്ഠൻ
പാലക്കാട്: സന്ദീപ് വാര്യർ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടെ പാലക്കാട്ട് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ബി.ജെ.പി പാലക്കാട് ജില്ലാ മുൻ ഉപാധ്യക്ഷനും ഒറ്റപ്പാലം മണ്ഡലത്തിലെ 2001-ലെ സ്ഥാനാർത്ഥിയുമായ കെ.പി മണികണ്ഠൻ പാർട്ടി വിട്ടു.
പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശമാണ് മണികണ്ഠൻ നടത്തിയത്. കൃഷ്ണകുമാർ പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മണികണ്ഠൻ ആരോപിച്ചു.
കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും മണികണ്ഠൻ ആരോപിച്ചു.
ബി ജെ പി ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ കൃഷ്ണകുമാർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി. അന്ന് ആർ എസ് എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സി പി എമ്മിൽ നിന്ന് ബി ജെ പിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവാണ്. നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയിൽ തുടരാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്നും ഇതിൽ പ്രതിഷേധിച്ച് അംഗത്വം പുതുക്കിയിട്ടില്ലെന്നും മണികണ്ഠൻ പറഞ്ഞു.