കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുസ്‌ലിം ലീഗിനെതിരെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം രൂക്ഷ വിമർശനം ഉന്നയിച്ചു. ദീനിന്റെ സ്വത്ത് പലരും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും, ഈ കൈയേറ്റങ്ങൾ മറച്ചുവെക്കാൻ രാഷ്ട്രീയ നേതാക്കൾ അരമനകളിൽ കയറിയിറങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു. തളിപ്പറമ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമാന ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഉമർ ഫൈസി ആരോപിച്ചു.
ഫറൂഖ് കോളജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഉമർ ഫൈസി മുസ്‌ലിം ലീഗിനെ വിമർശിച്ചത്. മുസ്‌ലിം രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ വഖഫ് ഭൂമി കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും, സമസ്തയുടെ നിലപാടുകൾ ചില രാഷ്ട്രീയ പാർട്ടികൾക്ക് അസൗകര്യമുണ്ടാക്കിയേക്കാമെങ്കിലും അതിന് സമസ്ത ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയത്തിൽ ഫറൂഖ് കോളജിനെയും ഉമർ ഫൈസി കടുത്ത ഭാഷയിൽ വിമർശിച്ചു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് കോളജ് അവകാശപ്പെടുന്നത് ശരിയല്ലെന്നും, തെറ്റ് സമ്മതിക്കാൻ തയാറാകാത്ത പക്ഷം നാട്ടുകാർ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വഖഫ് ഭൂമി വിറ്റവർക്ക് കോളജ് നടത്താൻ യോഗ്യതയില്ലെന്നും, വിറ്റ ഭൂമിക്ക് പകരം മറ്റൊരു സ്ഥലം കണ്ടെത്തി അവിടെയുള്ളവരെ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിലേക്ക് ആളുകളെ ഇറക്കിവിടാതെ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ നവംബറിൽ കോഴിക്കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ഉമർ ഫൈസി നേരത്തെ പ്രതികരിച്ചിരുന്നു. മുനമ്പം ഭൂമി വഖഫ് തന്നെയാണെന്നും, ആധാരത്തിൽ ഇത് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫറൂഖ് കോളജ് വിറ്റ ഭൂമിക്ക് നഷ്ടപരിഹാരം നൽകി അവിടെ കുടിയേറിയവരെ പുനരധിവസിപ്പിക്കണമെന്നും, വഖഫ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. മുനമ്പത്തെ സമരത്തിന് പിന്നിൽ റിസോർട്ട് ലോബിയാണെന്നും ഉമർ ഫൈസി ആരോപിച്ചു.
1948-ൽ ഫറൂഖ് കോളജ് സ്ഥാപിതമായപ്പോൾ, ഫറോക്കിലെ പുളിയാലി കുടുംബം 28 ഏക്കർ ഭൂമി വഖഫ് ആക്കിയിരുന്നു. മലബാറിലെ മുസ്‌ലിംകൾ ഉൾപ്പെടെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നവർക്കായി ബാഫഖി തങ്ങൾ അടക്കമുള്ള നേതാക്കളുടെ ശ്രമഫലമായാണ് കോളജ് നിലവിൽ വന്നത്. 1950-ൽ ചെറായി മുനമ്പത്ത് 404 ഏക്കർ ഭൂമി സിദ്ദീഖ് സേട്ട് വഖഫ് ആക്കി. വഖഫ് ഭൂമി അല്ലാഹുവിന്റെ സ്വത്താണെന്നും, അത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നും ഉമർ ഫൈസി ഊന്നിപ്പറഞ്ഞു. എന്നാൽ, ഫറൂഖ് കോളജിന്റെ നടത്തിപ്പുകാർ ഈ ഭൂമി വിറ്റതിനാൽ പ്രശ്നങ്ങൾ ഉടലെടുത്തു.
മുനമ്പത്ത് പാവപ്പെട്ട കുടിയേറ്റക്കാർ ഉൾപ്പെടെ താമസിക്കുന്നുണ്ട്. പണം നൽകി ഭൂമി വാങ്ങിയവരും റിസോർട്ട് ഉടമകളും ഇവിടെയുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയക്കാർ വോട്ട് ലക്ഷ്യമിട്ട് കണ്ണീർ ഒഴുക്കുകയാണെന്നും, അവിടെ താമസിക്കുന്നവരെ റോഡിലേക്ക് ഇറക്കിവിടാതെ നഷ്ടപരിഹാരത്തോടെ പുനരധിവാസം ഉറപ്പാക്കണമെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു.