തിരുവനന്തപുരം / ന്യൂഡൽഹി – ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് തരംഗവും കേന്ദ്രത്തിൽ എൻ.ഡി.എ മുന്നേറ്റവും പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകൾ.
കേരളത്തിൽ ഫലം ഭരണമുന്നണിയായ എൽ.ഡി.എഫിന് അവകാശപ്പെടുന്ന കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്നു പറയുമ്പോഴും ബി.ജെ.പിക്ക് ഒന്നു മുതൽ മൂന്നുവരെ സീറ്റുകൾ ലഭിച്ചേക്കുമെന്ന് പറയുന്ന ചില എക്‌സിറ്റ് പോളുകൾ വരേയുണ്ട്.
ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളിൽ കേരളത്തിൽ യു.ഡി.എഫിന് വൻ നേട്ടമാണ് പ്രവചിക്കുന്നത്. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിലുളളത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെയും ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ പറയുന്നു.
എ.ബി.പി.സി വോട്ടർ എക്‌സിറ്റ് പോളിലും കേരളത്തിൽ യു.ഡി.എഫിന് വൻ തരംഗമാണ് പ്രവചിച്ചത്. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് ഇവരുടെ സർവേ. എൽ.ഡി.എഫിന് എ.ബി.പി.സി വോട്ടർ എക്‌സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നു. ഇന്ത്യ ടി.വി എക്‌സിറ്റ് പോളിൽ യു.ഡി.എഫിന് 13-15 സീറ്റ് വരെ പ്രവചിക്കുമ്പോൾ എൽ.ഡി.എഫിന് മൂന്ന് മുതൽ അഞ്ചു വരെയും എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്നുവരെയും സീറ്റ് ലഭിക്കുമെന്ന് പറയുന്നു.
- ടൈംസ് നൗഇ.ടി.ജി പ്രവചനം ഇങ്ങനെ: യു.ഡി.എഫ് 14-15, എൽ.ഡി.എഫ് -നാല്, എൻ.ഡി.എ 1-3
- ഇന്ത്യാ ടുഡെആക്‌സസ് മൈ ഇന്ത്യ: യു.ഡി.എഫ് 17, എൽ.ഡി.എഫ് 01, ബി.ജെ.പി 2-3
- സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എൽ.ഡി.എഫ് 2-5, എൻ.ഡി.എ 1-3
- ഇന്ത്യാ ടി.വിസി.എൻ.എസ്: യു.ഡി.എഫ് 13-15, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 1-3
- ജൻകിബാത്: യു.ഡി.എഫ് 14-17, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 01
- അതേസമയം, ദേശീയ തലത്തിൽ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ ഫലസൂചനകൾ. എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്‌സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353 മുതൽ 368 വരെ സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇന്ത്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.