തൃശൂർ: കൊടകര വട്ടേക്കാട് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.
അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് ആക്രമിക്കാനെത്തിയ അഭിഷേകിന് കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11.30-ഓടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ എത്തിയത്. നാലുവർഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്.
കഴിഞ്ഞദിവസം തൃശൂർ ചെറുതുരുത്തിയിൽ മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ തല്ലിക്കൊന്നിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ കമ്പി വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.