തൊടുപുഴ: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളായ അക്‌സാ റെജി (18), ഡോണൽ ഷാജി(22) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടം.
ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയായ അക്‌സാ റെജി പത്തനംതിട്ട സ്വദേശിയും മൂന്നാം വർഷ വിദ്യാരത്ഥിയായ ഡോണൽ ഷാജി ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമാണ്. ഇരുവരെയും രാവിലെ മുതൽ സഹപാഠികൾ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോണിലും ബന്ധപ്പെടാനായിരുന്നില്ല. വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽനിന്ന് പോയതെന്നാണ് വിവരം.
ഇരുവരുടെയും വസ്ത്രങ്ങളും ഫോണും വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കുളിക്കാനെത്തിയവർ കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ കയത്തിൽനിന്ന് ആദ്യം ഷാജിയെയും പിന്നീട് അക്‌സയെയും കണ്ടെത്തുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാ സംഘവുമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.