കൊച്ചി– യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തലിനു എതിരെ ഗുരുതര ആരോപണങ്ങളുമായി ട്രാൻസ് വുമണ് രംഗത്ത്. രാഹുൽ ലൈംഗികദാരിദ്രം പിടിച്ചപോലെ സംസാരിച്ചെന്നും ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞതായും ബിജെപി നേതാവും ട്രാൻസ് വുമണുമായ അവന്തിക വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒരു ചർച്ചക്കിടെ പരിചയപ്പെട്ട രാഹുൽ ആദ്യമൊക്കെ നല്ല സുഹൃത്തായിരുന്നു. എന്നാൽ പിന്നീട് ലൈംഗിക വൈകൃത സ്വഭാവങ്ങൾ പുറത്തു വന്നതായും റേപ്പ് ചെയ്യണമെന്നടക്കം പറഞ്ഞതായും അവന്തിക പറഞ്ഞു.
ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് താൻ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പൊതുപ്രവർത്തകൻ ആയതിനാൽ നാട്ടിൽവെച്ച് കാണാൻ പറ്റില്ല, ബെംഗളൂരുവിലോ ഹൈദരാബാദിലോ പോകാമെന്ന് രാഹുൽ പറഞ്ഞതായും അവന്തിക പറയുന്നു. കോൺഗ്രസിലെ ചില നേതാക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. പൊതുപ്രവർത്തകനും എംഎൽഎയുമായതിനാൽ ഭയന്നിട്ടാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നും അവന്തിക കൂട്ടിച്ചേർത്തു. റിനി ആൻ ജോണിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പുറത്തു പറയണമെന്ന് തീരുമാനിച്ചത്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമോ എന്ന് ഭയന്ന് രാഹുൽ ഇന്നും വിളിച്ചതായും ഇവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവനടി റിനി ആൻ ജോർജ് കോൺഗ്രസ് യുവനേതാവ് അശ്ലീല മെസേജ് അയക്കുകയും മോശമായി പെരുമാറിയെന്നും മുന്നറിയിപ്പ് നൽകിയിട്ടും ‘ഹു കെയേഴ്‌സ്’ എന്ന മനോഭാവമാണെന്നും വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ഒട്ടേറെ ആരോപണങ്ങൾ രാഹുലിന് നേരെ ഉയർന്നിട്ടുണ്ട്. ഒരു യുവതിയോട് രാഹുൽ ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ഒരു ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ഈ സംഭവത്തിൽ പോലീസിന് പരാതിയും ലഭിച്ചു. ആരോപണങ്ങൾ ശക്തമായതോടെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചിരുന്നു. യുവനടി തന്റെ അടുത്ത സുഹൃത്താണ്, ആരോപണം ഉന്നയിച്ചത് തന്നെക്കുറിച്ച് ആവില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.