കണ്ണൂർ: ഇന്റർസിറ്റി എക്‌സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് യാത്രക്കാരൻ മരിച്ചു. കണ്ണൂർ നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസിൽ പി കാസിം(62) ആണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ ചാടിക്കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയിലേക്ക് വീഴുകയായിരുന്നു.
ഓടിക്കൂടിയ യാത്രക്കാർ ഉടനെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ നിന്ന് ഇദ്ദേഹത്തെ വലിച്ച് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണൂർ നാറാത്ത് മടത്തികൊവ്വൽ താമസിച്ചിരുന്ന ഇദ്ദേഹമിപ്പോൾ കമ്പിൽ പാട്ടയം ലീഗ് ഓഫിസിനു സമീപത്താണ് താമസം.

യാത്രാസമയം ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ ഫോണും തകർന്നതിനാൽ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികൾ തേടേണ്ടി വന്നതായി പോലീസ് പറഞ്ഞു.