വടകര: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കേസിൽ കോടി സുനി ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. പോലീസിന് കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചു പേരെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എം ഷീജ വെറുതെ വിട്ടത്.
ടി.പിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന അന്നത്തെ ഡിവൈ.എസ്.പി ജോസി ചെറിയാന്റെ കണ്ടെത്തലിൽ ചോമ്പാല പോലീസാണ് കേസെടുത്തിരുന്നത്. എന്നാൽ, പ്രതികൾക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജഡ്ജി വിധിയിൽ വ്യക്തമാക്കി.
അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരാണ് കൊടി സുനിക്കു പുറമെ കുറ്റവിമുക്തരായത്. ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനു ശേഷമാണ് കേസിലെ വിധി.