തൃശൂര്‍ – പോലീസ് ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ഏഴ് മണിക്കൂര്‍ നിര്‍ത്തിവെച്ചു. പോലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം മണിക്കൂറുകളോളം നിര്‍ത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകിയാണ്. പൂരം സംഘാടകരും കാഴ്ചക്കാരുമെല്ലാം പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നടന്നത്. പകല്‍ സമയത്ത് വെടിക്കെട്ട് നടന്നതിനാല്‍ വെടിക്കെട്ടിന്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ നടന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തില്‍ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെല്‍ ഉണ്ടായതും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ പൂരനഗരയില്‍ അരങ്ങേറിയതും.
സംഘാടകരെയും പ്രധാന പൂജാരിയെയും ഉള്‍പ്പെടെ പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരം നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.ഉടക്കിനിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ത്തിവച്ച വെടിക്കെട്ട് രാവിലെ നടത്താന്‍ ദേവസ്വങ്ങള്‍ തയാറായത്.