- പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് തള്ളി സർക്കാർ. എ.ഡി.ജി.പിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ കുറിപ്പ് അംഗീകരിച്ചാണ് സർക്കാർ നടപടി.
റിപോർട്ടിനൊപ്പം അജിത് കുമാറിന്റെ നാലു വീഴ്ചകളാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് തുറന്നുകാട്ടിയത്. ഇത് സ്വയം ക്ലീൻചിറ്റിനുള്ള എ.ഡി.ജി.പിയുടെ നീക്കത്തിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനുമുള്ള പ്രഹരമായിരുന്നു.
പൂരം മേൽനോട്ടത്തിനായി തൃശൂരിലേക്ക് അയച്ചിട്ടും കൃത്യമായ മേൽനോട്ടം നടത്തിയില്ലെന്നാണ് എ.ഡി.ജിക്ക് എതിരായ ഡി.ജി.പിയുടെ കുറിപ്പിലെ ഒന്നാമത്തെ വിമർശം. പൂരം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും തൃശൂരിലുണ്ടായിരുന്ന അജിത് കുമാർ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നതാണ് ഡി.ജി.പിയുടെ മറ്റൊരു കണ്ടെത്തൽ. പോലീസ് മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മാറ്റി, പൂരത്തിന് രണ്ടുദിവസം മുമ്പെത്തി എ.ഡി.ജി.പി ആശയക്കുഴപ്പങ്ങളുണ്ടാക്കിയെന്നതാണ് മൂന്നാമത്തെ പോയിന്റ്. ഒരാഴ്ചകൊണ്ട് തീർക്കേണ്ട അന്വേഷണം അനുമതി കൂടാതെ മാസങ്ങളോളം വൈകിപ്പിച്ച് അനാവശ്യ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെന്നാണ് നാലാമത്തെ കുറ്റപത്രം.
പൂരം കലക്കാൻ രാഷ്ട്രീയതാൽപര്യത്തോടെ ആസൂത്രിത നീക്കമുണ്ടായെന്നും റിപോർട്ടിൽ സൂചനകളുണ്ട്. അതിനാൽ, ഗൂഢാലോചന കണ്ടെത്താൻ തുടരന്വേഷണം വേണമെന്നും ഡി.ജി.പി നിർദേശിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സർക്കാർ എ.ഡി.ജി.പിയുടെ റിപോർട്ട് തള്ളിയത്. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും എ.ഡി.ജി.പി റിപോർട്ട് തള്ളിയുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപോർട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം. ഇത് ഡി.ജി.പി തലത്തിൽ റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.