- തുടരന്വേഷണമോ കർശന നടപടിയോ?
തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് ക്ലീൻചിറ്റ് നേടാനുള്ള ശ്രമത്തിന്റെ ഭാഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള റിപോർട്ടിൽ എ.ഡി.ജി.പിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് കുറിപ്പ് നൽകിയതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലേക്കു നീങ്ങുകയാണ്.
റിപോർട്ടിനൊപ്പം അജിത് കുമാറിന്റെ നാലു വീഴ്ചകളാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് തുറന്നുകാട്ടിയതെന്നാണ് വിവരം. ഇത് സ്വയം ക്ലീൻചിറ്റിനുള്ള എ.ഡി.ജി.പിയുടെ നീക്കത്തിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനും കനത്ത പ്രഹരമാണ്. പൂരം മേൽനോട്ടത്തിനായി തൃശൂരിലേക്ക് അയച്ചിട്ടും കൃത്യമായ മേൽനോട്ടം നടത്തിയില്ലെന്നാണ് എ.ഡി.ജിക്ക് എതിരായ ഒന്നാമത്തെ വിമർശം. പൂരം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും തൃശൂരിലുണ്ടായിരുന്ന അജിത് കുമാർ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നതാണ് ഡി.ജി.പിയുടെ മറ്റൊരു കുറ്റപ്പെടുത്തൽ. പോലീസ് മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മാറ്റി, പൂരത്തിന് രണ്ടുദിവസം മുമ്പെത്തി എ.ഡി.ജി.പി ആശയക്കുഴപ്പങ്ങളുണ്ടാക്കിയെന്നതാണ് മൂന്നാമത്തെ കണ്ടെത്തൽ. ഒരാഴ്ചകൊണ്ട് തീർക്കേണ്ട അന്വേഷണം അനുമതി കൂടാതെ മാസങ്ങളോളം വൈകിപ്പിച്ച് അനാവശ്യ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയെന്നാണ് നാലാമത്തെ കുറ്റപത്രം.
പൂരം കലക്കാൻ രാഷ്ട്രീയതാൽപര്യത്തോടെ ആസൂത്രിത നീക്കമുണ്ടായെന്നും റിപോർട്ടിൽ സൂചനകളുണ്ട്. അതിനാൽ, ഗൂഢാലോചന കണ്ടെത്താൻ തുടരന്വേഷണം വേണമെന്നും ഡി.ജി.പി നിർദേശിച്ചതായാണ് വിവരം. ഇത്തരമൊരു സാഹചര്യത്തിൽ ഡി.ജി.പിയുടെ കുറിപ്പിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ഏറ്റവും നിർണായകമായിട്ടുള്ളത്.
ഭരണകക്ഷി എം.എൽ.എ പി.വി അൻവറും സി.പി.ഐ നേതാക്കളും പാർട്ടി മുഖപത്രമായ ജനയുഗവുമെല്ലാം പൂരം കലക്കലിലെ എ.ഡി.ജി.പിയുടെ പങ്ക് വളരെ നേരത്തെ തുറന്നു പറഞ്ഞിട്ടും അജിത് കുമാറിന് സംരക്ഷണ വലയം തീർത്ത മുഖ്യമന്ത്രിക്ക് വൻ തലവേദനയാണ് ഡി.ജി.പിയുടെ കുറിപ്പുകൾ എന്നത് ശ്രദ്ധേയമാണ്. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണം സൃഷ്ടിച്ചെന്നും മേൽനോട്ടച്ചുമതലയിൽ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്നുമുള്ള വികാരം പോലീസ് സേനയിലും പൊതുവേയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് മുകളിൽനിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്ന വ്യാഖ്യാനത്തോടെ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ അനാവശ്യമായി കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഇവരുടെ പക്ഷം.
21ന് പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തോടെ പോലീസ് ബാരിക്കേഡ് കെട്ടി സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം അടച്ചതോടെ, തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ഇതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസ്സപ്പെടുകയും ജനക്കൂട്ടം പോലീസിനെ ചോദ്യം ചെയ്യുകയുമുണ്ടായി. അനുനയ ചർച്ച ഫലം കാണാതെ പൂരം പിരിച്ചുവിട്ടതോടെ വിശ്വാസികളിൽ അത് വല്ലാത്തൊരു സങ്കടചിത്രമാണ് പകർന്നത്. കൂടാതെ, സേവാഭാരതിയുടെ ആംബുലൻസിൽ ബി.ജെ.പി നേതാവായ സുരേഷ് ഗോപി പൂരനഗരിയിലെത്തി പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്ന തരത്തിൽ പ്രചാരണങ്ങളുമുണ്ടായി. ഇതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ തുടർച്ചയാണെന്നും രാഷ്ട്രീയ ആരോപണങ്ങളുണ്ട്.
നാട്ടിലെ നിർണായകമായ ഒരു പ്രശ്‌നത്തിൽ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥൻ തന്നെ അന്വേഷണ റിപോർട്ട് തയ്യാറാക്കിയാൽ അത് എത്രമാത്രം സത്യസന്ധവും വിശ്വാസയോഗ്യവുമാകുമെന്ന ചോദ്യങ്ങളും വിമർശങ്ങളും നേരത്തെ ഉയർന്നതാണ്. എന്തായാലും ഡി.ജി.പി ഒരു കീഴുദ്യോഗസ്ഥന്റെ വീഴ്ച ശ്രദ്ധയിൽ പെടുത്തിയാൽ നിയമോപദേശത്തിലൂടെ തുടർ നടപടി സ്വീകരിക്കേണ്ടതും സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
എ.ഡി.ജി.പി.യുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽ, ഭരണ-പ്രതിപക്ഷ പാർട്ടികളിൽനിന്നും കടുത്ത വിമർശങ്ങളാൽ പൊതിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരേയുള്ള കുറ്റപത്രം സർക്കാർ ഇനിയും അവഗണിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപോർട്ടുകളെ അവിശ്വസിക്കാനാവാത്ത സ്ഥിതിക്ക് തുടരന്വേഷണമോ കർശന നടപടിയോ ഏതാണ് സർക്കാർ തീരുമാനിക്കുകയെന്നാണ് ഇനി അറിയാനിരിക്കുന്നത്.