തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്സ് അസോസിയേഷന്. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്.
പുതിയ ഉത്തരവില്‍ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷന് ചൂണ്ടിക്കാണിച്ചു. അസോസിയേഷന്റെ പക്കല്‍ അറുപത് ആനകളുണ്ടെന്നും എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കെ.എസ് ശ്രീജിത്ത് വ്യക്തമാക്കി.
നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വനംവകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വനംവകുപ്പ് ആദ്യം ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാട് ഇതിന് പിന്നാലെ ആന ഉടമകളുടെ സംഘടന സ്വീകരിച്ചിരുന്നു.