കായംകുളം: നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനും പെരുന്തച്ചൻ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരനുമായ തോപ്പിൽ അജയന്റെ സ്മരണാർത്ഥം രൂപീകരിച്ച തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാർഷികം ആഘോഷിച്ചു. വള്ളികുന്നത്ത് തോപ്പിൽ അജയന്റെ വസതിയിൽ ചേർന്ന വാർഷിക പൊതുയോഗം സംവിധായകനും ഫിലിം സൊസൈറ്റി രക്ഷാധികാരിയുമായ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്‌തു. ഗായകനും സംഗീത സംവിധായകനുമായ കെ.പി.എ.സി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
സാഹിത്യ-സിനിമാ മേഖലകളിൽ നിന്ന് വിടപപറഞ്ഞ പ്രതിഭകളായ എം.ടി.വാസുദേവൻ നായർ, പി.ജയചന്ദ്രൻ, കവിയൂർ പൊന്നമ്മ, മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ എന്നിവരെയും രാഷ്‌ട്രീയ പ്രവർത്തകനും ഫിലിം സൊസൈറ്റിയുടെ ആജീവനാന്ത അംഗവുമായിരുന്ന പി.കെ.പ്രകാശിനെയും അനുസ്‌മരിച്ച് റെജി പണിക്കർ സംസാരിച്ചു. തോപ്പിൽ അജയൻറെ സഹധർമ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജയൻ പോക്കാട്ട് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി പ്രസിഡൻറുമായ നൂറനാട് രാമചന്ദ്രൻ ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അഡ്വ. എൻ.എസ്. ശ്രീകുമാർ, ചാരുമ്മൂട് പുരുഷോത്തമൻ, അഡ്വ.ആർ. ഉല്ലാസ്, റെജി പണിക്കർ, അജയൻ പോക്കാട്ട്, ടി.ആർ.ബാബു, കെ.ഷാനവാസ്, അഡ്വ.ഗീത സലിം, പി.ഷാജി, സന്തോഷ് വിചാര, ജി.മോഹനൻ പിള്ള, സലിംകുമാർ പനത്താഴ, രഞ്‌ജിത്ത് കൃഷ്‌ണ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സുഷമ അജയൻ സ്വാഗതവും അജയൻ പോക്കാട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രമോദ് പയ്യന്നൂർ, നൂറനാട് രാമചന്ദ്രൻ (രക്ഷാധികാരിമാർ), കെ.പി.എ.സി ചന്ദ്രശേഖരൻ (പ്രസിഡൻ്റ്), അഡ്വ.ആർ.ഉല്ലാസ് (വൈസ് പ്രസിഡൻറ്), ഡോ.സുഷമ അജയൻ (സെക്രട്ടറി), റെജി പണിക്കർ (ജോയിൻറ് സെക്രട്ടറി), അജയൻ പോക്കാട്ട് (ട്രഷറർ) എന്നിവർ ഭാരവാഹികളായ പ്രവർത്തക സമിതിയെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
സിനിമയിലെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെതിരെ ഭരണകൂടവും വർഗീയ ശക്തികളും നടത്തുന്ന കടന്നാക്രണങ്ങളിൽ വാർഷിക പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സകൂൾ കുട്ടികൾക്കായി ഓപ്പൺ എയർ ചലച്ചിത്ര പ്രദർശനം, ലഹരിക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കണ പ്രവർത്തനങ്ങൾ, സിനിമാ ചർച്ച, സെമിനാർ തുടങ്ങിയ ഭാവി പ്രവർത്തങ്ങൾക്ക് പൊതുയോഗം രൂപം നൽകി. മലയാള സിനിമയിലെ വേറിട്ട സിനിമാ സംവിധായകനായിരുന്ന തോപ്പിൽ അജയൻറെ സിനിമാ സ്വപ്‌നങ്ങളും ഉന്നതമായ കലാചിന്തകളും ഉയർത്തിപിടിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദർശനത്തിനും ചർച്ചകൾക്കും വേദിയൊരുക്കുകയും കുട്ടികൾക്കും യുവാക്കൾക്കുമായി സിനിമാ പരിശീലനം നൽകുന്ന ശിൽപശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ഭാരവാഹികൾ: പ്രമോദ് പയ്യന്നൂർ, നൂറനാട് രാമചന്ദ്രൻ (രക്ഷാധികാരിമാർ), കെ.പി.എ.സി ചന്ദ്രശേഖരൻ (പ്രസിഡൻ്റ്), ഡോ.സുഷമ അജയൻ (സെക്രട്ടറി), അജയൻ പോക്കാട്ട് (ട്രഷറർ) എന്നിവർ.