തൊടുപുഴ: മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലായിരുന്നു സംഭവം.
വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഒറ്റപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ സമീപത്തെ പാറയുടെ മുകളിലേക്ക് കയറുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്.