മലപ്പുറം: സമസ്തയും മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട് സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തുടരുന്ന അഭിപ്രായ ഭിന്നതയിൽ സമയവായം ഉണ്ടാക്കാനായുള്ള ചർച്ചയ്ക്ക് ഒരു വിഭാഗം എത്തിയില്ല. ശക്തമായ ലീഗ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ് ഇന്ന് മലപ്പുറത്ത് നടന്ന സമവായ ചർച്ചയ്ക്ക് എത്താതിരുന്നത്.
തുടർന്ന് സമസ്ത നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്ത് പിരിഞ്ഞു. അതിനിടെ, സമസ്തയിൽ രണ്ടു വിഭാഗങ്ങളില്ലെന്നും എല്ലാവരും ഒദ്യോഗിക പക്ഷക്കാരാണെന്നും യോഗത്തിനുശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയിൽ വിമത വിഭാഗമില്ല. ചിലർ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചെന്നും എല്ലാവരുടെയും സൗകര്യം നോക്കി അടുത്തുതന്നെ യോഗം ചേരുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ഒരു കുടുംബം ആകുമ്പോൾ സ്വരചേർച്ചകൾ സ്വാഭാവികമാണ്. എവിടെയും സമാന്തര കമ്മറ്റികൾ ഉണ്ടാക്കിയിട്ടില്ല. അച്ചടക്കം ലംഘിക്കുന്ന ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. ഒരുമിച്ചിരുന്ന് ചർച്ച നടത്തും. പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നുമില്ല. നേതാക്കൾ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. പരസ്പരം യോജിച്ച് പോകുമ്പോൾ നപടിയുടെ കാര്യമില്ലെന്നും വിട്ടുവീഴ്ച മനോഭാവമാണ് തങ്ങളുടെ അടിസ്ഥാനമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അത് കൂടിയിരുന്നു പരിഹരിക്കലാണ് ലക്ഷ്യമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയിൽ വിമത-ഔദ്യോഗിക വിഭാഗങ്ങളില്ല, എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. എല്ലാവരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തും. സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സുന്നികളുടെ മാത്രം ആവശ്യമല്ല. അത് സമൂഹത്തിന്റെ മൊത്തം ആവശ്യമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
ജിഫ്രി തങ്ങൾക്കും സാദിഖലി തങ്ങൾക്കും പുറമെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാർ അടക്കമുള്ള നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. വിഷയം ചർച്ച ചെയ്യാനായി അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, കുട്ടിഹസൻ ദാരിമി എന്നവരും എത്തിയിരുന്നു.