(കൊടുങ്ങല്ലൂർ) തൃശൂർ: മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. ഏറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാ(34)ണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാൻസ് സംഘത്തിലെ പ്രതിനിധികൾ ഷിനിയെ പണം നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പണം നൽകാൻ യുവതി അവധി ചോദിച്ചെങ്കിലും സംഘം കൂട്ടാക്കിയില്ല. ശേഷം മൈക്രോ ഫിനാൻസ് അംഗങ്ങൾ വീട്ടിൽ തന്നെ നിലയുറപ്പിച്ചതോടെ യുവതി കിടപ്പ് മുറിയിൽ കയറി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.