കാസർകോട്: 18 വർഷം മുമ്പ് കൊല്ലപ്പെട്ട കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ്യയുടെ തലയോട്ടി നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കാസർകോട് ജില്ലാ പ്രിന്‌സിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി.
13 വയസ്സുള്ളപ്പോൾ കൊല്ലപ്പെട്ട മകളുടെ തലയോട്ടി മാതാവ് ആയിശുമ്മയും പിതാവ് മൊയ്തുവും ഏറ്റുവാങ്ങിയപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ, വികാരനിർഭരമായ രംഗങ്ങൾക്കുശേഷം നിറഞ്ഞ പ്രാർത്ഥനകളോടെ തലയോട്ടി കുടക് അയ്യങ്കേരി മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
2006 ഡിസംബറിലാണ് സഫിയ എന്ന 13 -കാരി കൊല്ലപ്പെട്ടത്. ഗോവയിൽ നിർമാണ കരാരുകാരനായ കാസർകോട് മുളിയാർ സ്വദേശി കെ.സി ഹംസയുടെ വീട്ടിൽ പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. ശേഷം പ്രതി മൃതദേഹം കഷണങ്ങളാക്കി നിർമാണത്തിലിരുന്ന അണക്കെട്ടിന് സമീപത്ത് കുഴിച്ചിടുകയായിരുന്നു. തുടർന്ന് 2008 ജൂണിൽ സഫിയ്യയുടെ തലയോട്ടിയും കുറച്ച് അസ്തികളും ഗോവ പോലീസ് കണ്ടെടുക്കുകയായിരുന്നു.
നിയമ പോരാട്ടങ്ങൾക്കൊടുവിൽ തങ്ങളുടെ മകളെ മതാചാരപ്രകാരം സംസ്‌കരിക്കാൻ തലയോട്ടി വിട്ടുനൽകണമെന്നായിരുന്നു മാതാപിതാക്കളുടെ പ്രധാന ആവശ്യം. തുടർന്ന് കേസിൽ നിർണായക തെളിവായി സൂക്ഷിച്ച തലയോട്ടി വിട്ടുനല്കാൻ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ 2015-ൽ കോടതി പ്രതി ഹംസയ്ക്ക് വധശിക്ഷ വിധിച്ചെങ്കിലും 2019-ൽ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കുകയായിരുന്നു.