കോഴിക്കോട്: പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂരിലെ അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്ത ശേഷവും പേവിഷബാധ ഏൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 26-നാണ് കുട്ടിക്ക് തെരുവുനായുടെ കടിയേറ്റത്. മിഠായി വാങ്ങാനായി തൊട്ടടുത്തുള്ള കടയിലേക്ക് പോയ സമയത്തായിരുന്നു തെരുവുനായുടെ ആക്രമണം. അന്നേ ദിവസം തന്നെ പ്രദേശത്തെ ഏഴു പേർക്ക് ഈ നായുടെ കടിയേറ്റിരുന്നു. പിന്നീട് വാക്‌സിൻ സ്വീകരിച്ച ശേഷം പെൺകുട്ടി പഴയ നിലയിലെത്തിയിരുന്നു. ശേഷം കഴിഞ്ഞ ആഴ്ചയാണ് സിയ ഫാരിസിന് പനി ബാധിച്ചത്. ചികിത്സ നൽകിയിട്ടും പനി മാറാത്തതിനെ തുടർന്ന് പരിശോധിച്ച സമയത്താണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കുഞ്ഞിന്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വ്യക്തമാക്കുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള മരുന്നുകൾ നൽകി. കാറ്റഗറി മൂന്നിൽ ഉൾപ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയിൽ ഉണ്ടായിരുന്നത്. തലച്ചോറിലേക്ക് വിഷബാധയേറ്റതാണ് മരണ കാരണം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.