- സന്ദീപിനെ കോൺഗ്രസിലെത്തിച്ച മാസ്റ്റർ ബ്രെയ്ൻ
പാലക്കാട്: സി.പി.എം കാത്തുവെച്ച സന്ദീപ് വാര്യറെ കോൺഗ്രസ് ചാക്കിട്ടുപിടിച്ചത് അവസാന മണിക്കൂറുകളിൽ. കോൺഗ്രസിലെത്തിയിട്ടും സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ പറയുന്നുണ്ടെങ്കിലും അത് സത്യമല്ലെന്നതാണ് വസ്തുത.
ബി.ജെ.പിയുമായി സന്ദീപ് വാര്യർ ഇടഞ്ഞനിമിഷം മുതൽ സി.പി.എം അത് മുതലെടുക്കാൻ ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി മുതൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വരേയുള്ളവരുടെ സന്ദീപിനുള്ള ഗുഡ് സർട്ടിഫിക്കറ്റ് പതിക്കൽ. ഏറെക്കുറെ കാര്യങ്ങളൊക്കെ പന്തിയിലാണെന്ന് സി.പി.എം കരുതിയിരിക്കെ തീർത്തും അപ്രതീക്ഷിതമായാണ് കോൺഗ്രസിലേക്കുള്ള സന്ദീപിന്റെ കൂടുമാറ്റം. സന്ദീപ് കോൺഗ്രസിലെത്തിയ ശനിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിപ്പിച്ചശേഷം വെടി പൊട്ടിക്കാം എന്നായിരുന്നു സി.പി.എമ്മിലെ ധാരണ. എന്നാൽ, മുഖ്യമന്ത്രിയും സന്ദീപും തമ്മിൽ കൂടിക്കാഴ്ച നടക്കും മുമ്പേതന്നെ കോൺഗ്രസ് കാര്യങ്ങൾ തന്ത്രപരമായി കരുക്കടുപ്പിക്കുകയായിരുന്നു.
പാർട്ടി പിണറായി വിജയനും സന്ദീപ് വാര്യറും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന അതേ ഹോട്ടലിൽ വച്ചുതന്നെയാണ് എ.ഐ.സി.സിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ചകൾ പൂർത്തിയാക്കിയതെന്നതാണ് രസാവഹം.
സന്ദീപിന്റെ കോൺഗ്രസ് പ്രവേശത്തോടെ നഷ്ടമുണ്ടാവാനിരിക്കുന്നത് അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാൻ ചർച്ചകളിൽ ദൂതനായ അധ്യാപക സംഘടനാ നേതാവും കെ.പി.സി.സി സെക്രട്ടറിയും പാലക്കാട് വെസ്റ്റ് മണ്ഡലത്തിന്റെ പാർട്ടി ചുമതലയുള്ള പി ഹരിഗോവിന്ദനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലേക്ക് കെ.പി.സി.സി നേതൃത്വം സ്ഥാനാർത്ഥി ലിസ്റ്റിൽ പ്രഥമ പരിഗണന നൽകിയത് ഒറ്റപ്പാലം സ്വദേശിയായ പി ഹരിഗോവിന്ദനായിരുന്നു.
എന്നാൽ, പാർട്ടി പട്ടിക വന്നതോടെ രാഹുൽഗാന്ധിയുടെ ഗുഡ് ലിസ്റ്റിൽ ഇടമുള്ള യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിന്റെ സ്വാധീനത്താലോ മറ്റോ ഹരിഗോവിന്ദന്റെ പേര് അട്ടിമറിക്കപ്പെടുകയും പകരം (നിലവിൽ പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയായ) ഡോ. സരിനെ പ്രഖ്യാപിക്കുകയുമായിരുന്നു. അന്ന് കെ.പി.സി.സി നേതൃത്വം ഒറ്റക്കെട്ടായി ഹരിഗോവിന്ദനെ നിർദേശിച്ചിട്ടും ദേശീയ നേതൃത്വം സരിനെ പ്രഖ്യാപിച്ചപ്പോൾ ഇദ്ദേഹം സ്ഥാനാർത്ഥി മോഹം ഉപേക്ഷിച്ച് അനുസരണയോടെ മാറിനിൽക്കുകയായിരുന്നു. ഇത്തവണ സരിൻ പാർട്ടി വിട്ടപ്പോൾ ഒറ്റപ്പാലത്തിന് മറ്റ് അവകാശികൾ വരില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഹരിഗോവിന്ദൻ. എന്നാൽ, ഇപ്പോൾ തന്റെ സ്ഥാനമല്ല, താൻ പാർട്ടിയിലേക്ക് അടുപ്പിച്ച സന്ദീപിനായി ഇനി ഒറ്റപ്പാലം വേണെങ്കിൽ അതിനും സ്ഥാനത്യാഗത്തിനുള്ള മനസ്സുമായാണ് ഹരിഗോവിന്ദനുള്ളത്.
പാർട്ടി പറയുന്നതിനപ്പുറമൊന്നും എന്നിൽനിന്ന് ഉണ്ടാകില്ലെന്നാണ് ഈ അധ്യാപക മനസ്സ് തറപ്പിച്ച് പറയുന്നത്. സീറ്റൊന്നും ചോദിച്ചില്ലെങ്കിലും ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് വരുമ്പോൾ സംരക്ഷണമാണ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടത്. സി.പി.എമ്മിലാകുമ്പോൾ അക്കാര്യത്തിൽ ഭയപ്പെടാനില്ലെന്നായിരുന്നു സന്ദീപിന്റെ മനസ്സ്. എന്നാൽ കണ്ണൂരിലെ പാനൂരിൽ കെ.കെ ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്ന സി.പി.എമ്മിലേക്ക് എങ്ങനെ പോകുമെന്ന തന്റെ ചോദ്യം സന്ദീപിന്റെ മനസ്സ് കുഴക്കിയെന്നാണ് ഈ അധ്യാപകൻ പറയുന്നത്. മഹാത്മാ ഗാന്ധിയുടെ സനാതന ഹിന്ദുവാകാൻ നീ ദേശീയ പ്രസ്ഥാനത്തിലേക്കു വാ. അതാണ് നന്നാവുകയെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല. ഒരേ അധ്യാപക സംഘടനയിലായിരുന്നതിനാൽ സന്ദീപിന്റെ അമ്മയുമായി തനിക്ക് നല്ല ബന്ധമായിരുന്നു. അമ്മ അസുഖമായി കിടന്നപ്പോഴും മറ്റും നേരത്തെ തന്നെ സന്ദീപിന്റെ വീട്ടിൽ പോയിട്ടുമുണ്ട്. അതുവഴി സന്ദീപുമായും നല്ല സൗഹൃദമുണ്ടായിരുന്നു. കുടുംബം നേരത്തെ കോൺഗ്രസായതിനാൽ സന്ദീപ് സി.പി.എമ്മിലേക്കല്ല, കോൺഗ്രസിലേക്കാണ് വരേണ്ടതെന്നും ചർച്ചയിൽ ഹരിഗോവിന്ദൻ ആവശ്യപ്പെട്ടു.
സി.പി.എം നേതാക്കളുമായി സംസാരിച്ചെങ്കിലും സന്ദീപ് അവർക്ക് വാക്കൊന്നും കൊടുത്തിരുന്നില്ല. എന്നാൽ സി.പി.എം നേതൃത്വം മുഖ്യമന്ത്രിയുടെ പാലക്കാട്ടേക്കുള്ള വരവിനായി കാത്തിരുന്നപ്പോൾ, അതിനിടയിൽ ദിവസങ്ങളുടെ ഇടവേളകളുണ്ടായത് സന്ദീപിലും ചോദ്യങ്ങളും സംശയങ്ങളും കൂട്ടി.
സാധ്യതകൾ തെളിയാനുള്ള സി.പി.എം-സന്ദീപ് കാത്തിരിപ്പിന്റെ നിർണായക നിമിഷങ്ങൾക്കിടെയാണ് കോൺഗ്രസിന്റെ ഞെട്ടിപ്പിക്കുന്ന സർജിക്കൽ മൂവ്‌മെന്റുണ്ടായത്. സന്ദീപ് നിഷേധിച്ചാലുമില്ലെങ്കിലും ശരി, സി.പി.എം നേതാക്കളുമായി സന്ദീപ് ചർച്ച നടത്തിയെന്നാണ് അദ്ദേഹവുമായി അടുത്ത വിശ്വസനീയ വൃത്തങ്ങളിൽനിന്നുള്ള വിവരം.
ബുധനാഴ്ച രാത്രി മുതൽ സന്ദീപുമായി മാരത്തൺ ചർച്ചയാണുണ്ടായത്. കോയമ്പത്തൂരിൽ വച്ചുള്ള ചർച്ചയിൽ എ.ഐ.സി.സി സെക്രട്ടറി മോഹനുമുണ്ടായിരുന്നു. ശനിയാഴ്ച അത് ഫലം കാണുകയാണുണ്ടായതെന്നും ദീർഘകാലം കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഹരിഗോവിന്ദൻ പറയുന്നു.
ഇനി ഒറ്റപ്പാലം മണ്ഡലം സന്ദീപ് വാര്യർക്കു നൽകണോ അതോ ഹരിഗോവിന്ദന് നൽകണോ എന്നതിലാണിനി നേതൃത്വത്തിന് അനുനയിപ്പിക്കൽ ആവശ്യമായി വരിക. എന്തായാലും പാർട്ടി പറയുന്നതേ ഞാൻ ചെയ്യൂ. അതിനപ്പുറം എന്നിൽനിന്ന് പ്രതീക്ഷിക്കരുതെന്നാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ മോട്ടോ. ‘രാഷ്ട്രീയത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണോ’ എന്ന് ചോദിച്ചപ്പോൾ, എന്റെ സീറ്റ് ഉറപ്പിക്കലല്ല, കോൺഗ്രസിനെ ശക്തിപ്പെടുത്തലാണ് ആവശ്യം. പാർട്ടി നേതൃത്വം പറഞ്ഞത് ചെയ്തു. ഇനിയും അനുസരിക്കുമെന്നായിരുന്നു മറുപടി.
‘കഴിഞ്ഞതവണ അവസാനനിമിഷം നഷ്ടമായ ഒറ്റപ്പാലം സീറ്റ് ഇത്തവണ സന്ദീപിനായി വഴിമാറുകയാണോ’ എന്ന് ചോദിപ്പോൾ സന്ദീപ് ചോദിച്ചത് കൊടുക്കാൻ പാർട്ടി തയ്യാറാവും. ഞാനും തടസ്സമാവില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. എന്നാൽ, സന്ദീപ് വാര്യറെ ബി.ജെ.പിയിലായിരുന്നപ്പോൾ മത്സരിച്ച ഷൊർണൂരിൽ തന്നെ മത്സരിപ്പിക്കാനാവും കോൺഗ്രസ് നേതൃത്വം ശ്രമിക്കുകയെന്നാണ് വിവരം.
പാലക്കാട് ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിൽ ഒരാളെന്ന നിലയിലും കരിമ്പുഴ കോ-ഓപ്പറേറ്റീവ് അർബൺ ബാങ്ക് പ്രസിഡന്റായും നാലുശേരി ഭഗവതി ക്ഷേത്രം ട്രസ്റ്റിയായും എസ്.സി.ഇ.ആർ.ടി കരിക്കുലം കമ്മിറ്റി അംഗമായുമെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ച, എമ്പാടും അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് പി ഹരിഗോവിന്ദൻ. ഗ്രൂപ്പുകൾക്കപ്പുറം പ്രവർത്തകരുടെ മനസ്സറിഞ്ഞ് പാർട്ടിയിലും സമൂഹത്തിന്റെ വികാര വായ്പുകളറിഞ്ഞ് സത്യസന്ധമായ ഇടപെടലുമായി പൊതുസമൂഹത്തിലും സ്വീകാര്യത നേടാൻ ഹരിഗോവിന്ദനായിട്ടുണ്ട്. അതിനാലാണ് പാർട്ടിയേൽപ്പിച്ച ദൗത്യം, സി.പി.എം സംഘടനാ സംവിധാനങ്ങളെപ്പോലും തോൽപ്പിച്ച്, നിശബ്ദമായി അദ്ദേഹം ലക്ഷ്യത്തിലെത്തിച്ചതെന്നാണ് നേതാക്കൾ പറയുന്നത്.