- പ്രിയങ്കാ ഗാന്ധിക്കെതിരെ മിന്നും പോരിനെത്തിയ ഇടതുപക്ഷത്തിന് ബി.ജെ.പിയിൽനിന്നും അപ്രതീക്ഷിത തിരിച്ചടി
കൽപ്പറ്റ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ പടവെട്ടി മികച്ച പ്രകടനം പുറത്തെടുക്കാനെത്തിയ ഇടതുപക്ഷം വയനാട്ടിലെ പല ബൂത്തുകളിലും ബി.ജെ.പിക്കും പിറകിലെന്ന് കണക്കുകൾ. പ്രിയങ്കയുടെ മിന്നും പടയോട്ടത്തെ തൊടാനായില്ലെന്നു മാത്രമല്ല, താരതമ്യേന വളരെ ജൂനിയറായ ബി.ജെ.പിയുടെ പുതുമുഖം കോഴിക്കോട് നിന്നുള്ള നവ്യ ഹരിദാസിനേക്കാളും കുറഞ്ഞ വോട്ടുകളെ സി.പി.ഐയുടെ മുതിർന്ന നേതാവായ സത്യൻ മൊകേരിക്കു പലേടത്തും നേടാനായുള്ളൂവെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലെ 170-ലേറെ ബൂത്തുകളിൽ ബി.ജെ.പിക്കും പിറകിലാണ് ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷി കൂടിയായ സി.പി.ഐയുടെ സ്ഥാനം. ഇത് പാർട്ടിക്കകത്തും ഇടതു മുന്നണിയിലും വൻ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. കൂറ്റൻ തോൽവിയേക്കാളും വലിയ മാനക്കേടാണ് പുതിയ കണക്കുകളെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളായ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ എൽ ഡി എഫിന് കനത്ത വോട്ടുചോർച്ചയാണുണ്ടായത്. ഈ തിരിച്ചടിയിൽ കനത്ത നിരാശയിലാണ് ഇടത് നേതൃത്വം. സത്യൻ മൊകേരിയെ പോലുള്ള ഒരു മുതിർന്ന നേതാവിനെ അപമാനിക്കുംവിധത്തിലാണ് കാര്യങ്ങളുള്ളത്.
ബത്തേരിയിലെ 97 ബൂത്തുകളിൽ ബി ജെ പിക്ക് പിറകിലാണ് സത്യൻ മൊകേരിയുടെ സ്ഥാനം. മാനന്തവാടിയിൽ 39-ഉം കൽപ്പറ്റയിൽ 35-ഉം ബൂത്തുകളിലും ബി.ജെപിക്കും താഴെ മൂന്നാംസ്ഥാനത്താണ് ഇടതുപക്ഷമുള്ളത്. വോട്ടിൽ ഇത്രമാത്രം പിറകിൽ പോയത് ഇടത് കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ ശക്തിക്ഷയം പാർട്ടിയിലും മുന്നണിക്കകത്തും കടുത്ത അസ്വസ്ഥതകളാണ് ഉയർത്തുന്നത്. ഇതേച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ പുകയുകയാണ് ഇടത് ക്യാമ്പ്.
രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ 71616 വോട്ടുകൾ കുറഞ്ഞതിന് പുറമെ, ബൂത്തുകളിൽ ബി.ജെ.പിയ്ക്കും പിറകിലേക്കു കൂപ്പുകുത്തിയത് തീർത്തും അപ്രതീക്ഷിതമാണെന്നും എല്ലാം ഇഴപിരിച്ച് പരിശോധിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്നുമാണ് നേതാക്കൾ പറയുന്നത്.