തിരുവനന്തപുരം / കോഴിക്കോട് – ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിനെതിരെയുള്ള വിവാദം കൊഴുക്കുന്നു. സിനിമയ്‌ക്കെതിരെ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ ജിഹാദില്ലെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈന്‍ മടവൂര്‍ കോഴിക്കോട്ടെ ഈദ് ഗാഹില്‍ പറഞ്ഞു.
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച സഭാ നിലപാടിനെ വിമര്‍ശിച്ച് പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ ഉപകരണം ആകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നല്ല കലയെന്നും വി പി ശുഹൈബ് മൗലവി പറഞ്ഞു. പലസ്തീനോട് ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പെരുന്നാളിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനൊപ്പം നില്‍ക്കുക എന്നാല്‍ മനുഷ്യത്വത്തിന് ഒപ്പം നില്‍ക്കലാണ്. ഇസ്രായേലിനൊപ്പം നില്‍ക്കുക എന്നാല്‍ പിശാചുക്കള്‍ക്കൊപ്പം നില്‍ക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group