കൊച്ചി– വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി 2’ പ്രവേശന ടിക്കറ്റുകൾക്കായി ബുക്ക് മൈ ഷോ വഴി പണമടച്ചവർക്ക് നിർമ്മാതാക്കൾ തുക തിരികെ നൽകി. സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് വലിയ നിയമവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിർമ്മാതാക്കൾ പണം റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ ഇവർക്കെതിരെ നൽകാനിരുന്ന കോടതിയലക്ഷ്യ ഹർജിയിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാർ വ്യക്തമാക്കി.
സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നും കേരളത്തിന്റെ മതേതര പ്രതിച്ഛായയെ വികൃതമാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞത്. എന്നാൽ ഈ സ്റ്റേ ഉത്തരവ് നിലനിൽക്കെത്തന്നെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഷോകൾക്കായി ബുക്കിംഗ് സൈറ്റുകളിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. ഇത് കോടതിവിധിയോടുള്ള അനാദരവാണെന്ന് കാണിച്ച് ഹർജിക്കാർ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങിയതോടെയാണ് അണിയറപ്രവർത്തകർ ബുക്കിംഗ് റദ്ദാക്കി പണം മടക്കിനൽകിയത്.
കേരളത്തെ മതഭ്രാന്തിന്റെയും വർഗ്ഗീയതയുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നത് പ്രഥമദൃഷ്ട്യാ തെറ്റായ സന്ദേശം നൽകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയപ്പോൾ സാമുദായിക ഐക്യം തകർക്കാനുള്ള സാധ്യതകൾ സെൻസർ ബോർഡ് വേണ്ടത്ര പരിശോധിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. നിലവിൽ 15 ദിവസത്തെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതിനാൽ ചിത്രം തിയേറ്ററുകളിൽ എത്തില്ല. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫ്രെഡി വി ഫ്രാൻസിസ് ഉൾപ്പെടെയുള്ളവർ സിനിമക്കെതിരെ കോടതി സമീപിച്ചിരുന്നു. സിനിമയുടെ ഉള്ളടക്കം വീണ്ടും പരിശോധിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.



