ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ അസാധാരണ സംഭവത്തിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും മിഡാസ്, ശങ്കേഴ്‌സ് എന്നി രണ്ട് സ്വകാര്യ ലാബിലെ ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ഏഴുതവണ സ്‌കാൻ ചെയ്തിട്ടും വൈകല്യം ഡോക്ടർമാർ പറഞ്ഞില്ലെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.
കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല. വായയും കണ്ണും തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും, ഹൃദയത്തിന് ദ്വാരം, കാലിനും കൈക്കും വളവ്, ജനനേന്ദ്രിയമുണ്ടെങ്കിലും സാരമായ വൈകല്യം തുടങ്ങി നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളാണുള്ളതെന്ന് പരാതിക്കാരായ ദമ്പതികൾ ചൂണ്ടിക്കാട്ടി.
ഗർഭകാലത്ത് പലതവണ സ്‌കാനിംഗ് നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. 11ഉം അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികൾ തനിക്കുണ്ടെന്നും മൂന്നാമത്തെ കുഞ്ഞിനാണ് അസാധാരണ വൈകല്യം കണ്ടെത്തിയതെന്നും മാതാവ് പ്രതികരിച്ചു. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കും പരാതി നല്കിയിട്ടുണ്ട്.
പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നവംബർ എട്ടിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് കുഞ്ഞിന് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയത്.