കോഴിക്കോട്: താമരശേരിയിൽ പത്താം ക്ളാസ് വിദ്യാർത്ഥി ഷഹബാസിനെ വധിച്ച സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം.കെഎസ്‌യുവും എംഎസ്എഫും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിന് മുന്നിലാണ് പ്രതിഷേധിച്ചത്. പ്രവർത്തകരും പൊലീസുമായി ബലപ്രയോഗം നടന്നു. ഇതിനുപിന്നാലെ ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.
സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികൾക്കും ജുവനൈൽ ബോർഡ് ഇന്ന് ആരംഭിക്കുന്ന പത്താം ക്ളാസ് പരീക്ഷ എഴുതാൻ ഇന്നലെ തന്നെ അനുമതി നൽകിയിരുന്നു. തുടർന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തന്നെയാണ് പരീക്ഷയെഴുതാൻ തീരുമാനിച്ചത് എന്നാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഈ തീരുമാനം മാറ്റി.
പിന്നീട് കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിൽ തന്നെ അവരെ പരീക്ഷ എഴുതിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്.
വ്യാഴാഴ്ച വൈകിട്ട് താമരശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും താമരശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയായിരുന്നു സംഘർഷം.
സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാകുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ കുട്ടി മരിച്ചു.
സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കുട്ടികൾ എന്ന നിലയിലായിരുന്നില്ല കുറ്റാരോപിതരുടെ ചിന്തയെന്നും ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു പറഞ്ഞു.