തലശ്ശേരി– ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ 1967-ലെ കന്നി കേരള മന്ത്രിസഭാ പ്രവേശനം ചർച്ച ചെയ്ത് തീരുമാനമെടുത്ത വീട്,
1971-ലെ തലശ്ശേരി കലാപസമയത്ത്, കേരള മന്ത്രിസഭയിലെ അംഗങ്ങൾ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഭവനം, മുസ്ലിം ലീഗ് സമുന്നത നേതാക്കൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സത്താർ സേട്ട് സാഹിബ്, പാണക്കാട് പൂക്കോയ തങ്ങൾ, മുൻ മുഖ്യമന്ത്രിമാരായ സി എച്ച് മുഹമ്മദ് കോയ, സി അച്യുതമേനോൻ, കെ കരുണാകരൻ, ഇ എം എസ്, എ കെ ആന്റണി പ്രമുഖ രാഷ്ട്രീയ നേതാക്കളായ എ കെ ഗോപാലൻ, കെ ജി മാരാർ, ബേബി ജോൺ, എൻ ഇ ബൽറാം, അരങ്ങിൽ ശ്രീധരൻ, കെ ചന്ദ്രശേഖരൻ തുടങ്ങിയവരെല്ലാം പലസന്ദർഭങ്ങളിൽ സന്ദർശിക്കുകയും വിവിധ ചർച്ചകളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്ത വീട്….രാഷ്ട്രീയവും സാമൂഹികവുമായ നിരവധി നിർണായക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കേയീസ് ബംഗ്ലാവ് വിസ്‌മൃതിയിലാവുമ്പോൾ പലതരം ഓർമ്മകൾ കൂടിയാണ് ചരിത്രമാവുന്നത്.
കേയീസ് ബംഗ്ലാവ് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് കയ്യത്ത് റോഡിലേക്ക് തിരിയുന്ന 70 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായ സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ ഭാര്യ വീട് ആയിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ വസതിയായി മാറിയ ഈ ബംഗ്ലാവ്, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ കൂടിച്ചേരൽ കേന്ദ്രമായിരുന്നു. 21 അവകാശികൾ വിവിധ സ്ഥലങ്ങളിൽ താമസമാക്കിയതിനെ തുടർന്ന്, ഈ ബംഗ്ലാവ് കടവത്തൂരിൽ നിന്നുള്ള വ്യവസായിയും ഇപ്പോഴത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ പൊട്ടാങ്കണ്ടി അബ്ദുള്ളയ്ക്കും മറ്റു ചിലർക്കും വിറ്റു. പൊളിച്ചുമാറ്റൽ പ്രവൃത്തികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
85 വർഷങ്ങൾക്ക് മുമ്പ് ചെറിയ മമ്മുക്കേയിയുടെ ഭാര്യയുടെ പിതാവായ ഖാൻ ബഹദൂർ വലിയ മമ്മുക്കേയി നിർമ്മിച്ചതാണ് ഈ ബംഗ്ലാവ്. ചെറിയ മമ്മുക്കേയി അദ്ദേഹത്തിന്റെ ഇളയ മകൾ ഉമ്മിയെ വിവാഹം കഴിച്ചു.
ചെറിയ മമ്മുക്കേയിയുടെ മകനും വഖഫ് ബോർഡ് അംഗവുമായ പി.വി. സൈനുദ്ദീൻ ഓർക്കുന്നു: മലബാറിലെ മുസ്‌ലിം ലീഗിന്റെ ആദ്യ ജില്ലാ പ്രസിഡന്റായ സത്താർ സേട്ട്, ബഫാഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ എന്നിവർ കണ്ണൂർ മേഖലയിലേക്കുള്ള യാത്രകളിൽ ഈ ബംഗ്ലാവിൽ വിശ്രമിക്കാറുണ്ടായിരുന്നു. വീട്ടിലെ കുട്ടികൾ ഫുട്ബോളിലും ഹോക്കിയിലും മികവ് പുലർത്തി. അവർ തലശ്ശേരി ഗ്രൗണ്ടിൽ കളിച്ച ശേഷം സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് വരാറുണ്ടായിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ ജോയിന്റ് സെക്രട്ടറിയും കുടുംബാംഗവുമായ പി.വി. സിറാജുദ്ദീൻ പറയുന്നു: “കുടുംബം ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുകയാണ്, എങ്കിലും അടുത്ത കാലം വരെ ഞങ്ങൾ ഈ വീട്ടിൽ ഒത്തുചേരാറുണ്ടായിരുന്നു.”
ഹെരിറ്റേജ് ഹോട്ടലെങ്കിലും ആക്കിയെങ്കില്‍…..
‘ദീര്‍ഘകാലം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ടായിരുന്നു സി.കെ.പി. ചെറിയമമ്മുക്കേയി. രാഷ്ട്രീയമായി എതിര്‍ചേരിയിലായിരുന്ന പി.ആര്‍.കുറുപ്പ് കേയിയുടെ വീട്ടില്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള പലരുമായും നടന്ന ചര്‍ച്ചകള്‍ തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേ വീട് ഇപ്പോള്‍ പൊളിക്കുന്നത് ലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന വൈസ്പ്രസിഡണ്ടായ പൊട്ടന്‍കണ്ടി അബ്ദുല്ല സാഹിബുള്‍പ്പെടെയുള്ള ചിലരാണെന്നുള്ളത് അങ്ങേയറ്റം ഖേദകരമാണ്. ഇത്തരം കെട്ടിടങ്ങളെ ഹെരിറ്റേജ് ഹോട്ടലോ കണ്‍വെന്‍ഷന്‍ സെന്ററോ ആക്കാനുള്ള സാധ്യതകള്‍ പോലും ആരായാതെ പൊളിച്ചുകളയുന്നത് മുസ്‌ലിം സമുദായത്തിലെ ധനികരുടെ സാംസ്‌കാരികദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു’വെന്ന് തലശ്ശേരിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ എ.പി. മുഹമ്മദ് അഫ്‌സല്‍ നിരീക്ഷിക്കുന്നു. രവിപിള്ളയെ പോലുള്ള ബിസിനസ്സ് പ്രമുഖരാണെങ്കില്‍ ഹെരിറ്റേജ് ഹോട്ടലെന്ന സാധ്യത ഉണ്ടായേനെ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേരള രാഷ്ട്രീയത്തിന്റെ സുവർണ കാലഘട്ടത്തിന്റെ സാക്ഷിയായ കേയീസ് ബംഗ്ലാവ്, പൈതൃകത്തിന്റെ അടയാളമായിരുന്നു. എന്നാൽ, പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്ക് വഴിമാറി, ഈ ചരിത്ര ഭവനം ഇപ്പോൾ പൊളിച്ചുമാറ്റപ്പെടുകയാണ്. എങ്കിലും വീടോർമ്മകൾ തലശ്ശേരിയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ എന്നും ജീവിക്കുമെന്ന് കരുതുകയാണ് നാട്ടുകാർ



