കൊച്ചി: കോതമംഗലത്ത് 23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ. യുവതിയുടെ അമ്മ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സഭയുടെ ആവശ്യമെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ വ്യക്തമാക്കി. ഇതിനിടെ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യുവതിയുടെ വീട് സന്ദർശിച്ചു.
നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്താത്തതിനെ ഫാ. ജയിംസ് വിമർശിച്ചു. “യുവതിയെ പറവൂർ പാനായിക്കുളത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്നതിനാൽ, കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
കേസിൽ യുവതിയുടെ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവം, തടഞ്ഞുവയ്ക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ റമീസിനെതിരെ ചുമത്തിയിട്ടുണ്ട്.